ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റത്തെ ഇന്ത്യ ശക്തിയായി പ്രതിരോധിച്ചെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന ഇന്ത്യയുടെ മണ്ണ് പിടിച്ചെടുത്ത കാര്യം മോഹന്‍ ഭാഗവതിനറിയാമെന്നും എന്നാല്‍ ഇത് തുറന്നു പറയാന്‍ അദ്ദേഹത്തിന് ഭയമാണെന്നും രാഹുല്‍ പറഞ്ഞു.

ചൈന ഇന്ത്യന്‍ മണ്ണില്‍ കടന്നു കയറിയത് കേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും അനുവാദത്തോടെയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ശക്തമായി പ്രതിരോധിച്ചുവെന്നായിരുന്നു മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് രാഹുലിന്റെ മറുപടി.

‘ഉള്ളിന്റെ ഉള്ളില്‍ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തു എന്ന സത്യം മോഹന്‍ ഭാഗവതിനറിയാം. പക്ഷേ അത് പറയാന്‍ പേടിയാണ്. കേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും അനുവാദത്തോടെയാണ് ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തത്’-രാഹുല്‍ ട്വീറ്റ് ചെയ്തു.

ചൈന നമ്മുടെ പ്രദേശം എങ്ങനെയാണ് കൈയ്യേറിയതെന്നും കയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാം. ഇന്ത്യക്കൊപ്പം തായ്വാന്‍, വിയറ്റ്‌നാം, യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കിയെന്നും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥനത്ത് നടന്ന ദസറ ദിന ചടങ്ങിനിടെ മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു.