ഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ സമരം തുടരുന്നതിനിടെ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാര്‍ മായിക ലോകത്ത് കഴിയരുത്. വിട്ടുവീഴ്ചയ്ക്ക് കര്‍ഷകര്‍ തയ്യാറല്ല. ശരിയായ വിധത്തിലുള്ള ചര്‍ച്ച നടത്താതെയും കര്‍ഷകരുമായി ആശയവിനമയം നടത്താതെയും കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ രീതി കര്‍ഷകര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. കര്‍ഷകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നീക്കമാണ് നടന്നത്. കൊടും തണുപ്പിലും അവര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് അതുകൊണ്ടാണ്. കാര്‍ഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ നിര്‍ഭയരായ കര്‍ഷകര്‍ സമരത്തില്‍നിന്ന് പിന്മാറില്ല. സമാധാനപരമായ പ്രതിഷേധം അവര്‍ തുടരും. അതിനാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം പ്രധാനമാണ്. ‘കര്‍ഷകരാണ് രാജ്യത്തെ നിര്‍മ്മിച്ചത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. നിങ്ങളാണ് ഇന്ത്യ’ രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാര്‍ഷിക ബില്ലുകള്‍ തിരക്കിട്ട് പാസാക്കുകയാണ് അവര്‍ ചെയ്തതെന്നും പവാര്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി. രാജ,ടികെഎസ് ഇളങ്കോവന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.