ന്യൂഡല്‍ഹി: രാജ്യത്തെ മാറുന്ന രാഷട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി മുസ്ലിം ലീഗ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അനുമോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ തുഗ്ലക് റോഡിലെ 12 നമ്പര്‍ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫസര്‍ ഖാദര്‍ മൊയ്തീന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എംപിമാരയ പി കെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, കേരള നിയസഭാ പാര്‍ട്ടി ലീഡര്‍ എം കെ മുനീര്‍, എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.