ന്യൂഡല്‍ഹി: ജനാധിപത്യ രാജ്യത്തോട് വികാരഭരിതമായ ചോദ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദേശീയമായി ചര്‍ച്ചയായ ആംആദ്മി സര്‍ക്കാറിന്റെ സാമൂഹ്യസേവന പദ്ധതിക്ക് കേന്ദ്രം തടസം നിന്നതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്തു ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. സാമൂഹിക സേവനങ്ങള്‍ വീട്ടു വാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കാതെ തിരിച്ചയച്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.

ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി ഗവര്‍ണര്‍ നിരസിച്ചതിനെ ജനാധിപത്യത്തില്‍ അവസാന വാക്ക് ആരുടെതാണെന്ന ചോദ്യവുമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.


ലഫ്റ്റനന്റ് ഗവര്‍ണര്‍ പറയുന്നു; ഡിജിറ്റൈസേഷന്‍ മതിയെന്ന്.
ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പറയുന്നു; സാമൂഹ്യ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭിക്കുന്ന വിധം ഡിജിറ്റൈസേഷന്‍ വിപുലീകരിക്കണമെന്ന്.

എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇത് അംഗീകരിക്കുന്നില്ല.
എന്റെ ചോദ്യമിതാണ്, ഇത്തരമൊരു അവസ്ഥയില്‍ ജനാധിപത്യത്തില്‍ ആരുടെതാണ് അവസാനത്തെ വാക്ക്
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെതോ അതോ ലഫ്റ്റനന്റ് ഗവര്‍ണറുടെതോ..
കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഗവര്‍ണര്‍ തള്ളിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ടതെന്ന ഉപദേശവും നല്‍കിയാണ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ പദ്ധതി നിര്‍ദേശം ഗവര്‍ണര്‍ തള്ളിത്. ഇതോടെയാണ് ഗവര്‍ണറിനെതിരെ വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

ജനകീയ പദ്ധതികള്‍ ലക്ഷ്യം വെച്ചുള്ള ഡല്‍ഹിസര്‍ക്കാറിന്റെ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നതാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ വീറ്റോ അധികാരമെന്ന് നേരത്തെ ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയും കുറ്റപ്പെടുത്തിയിരുന്നു.