കെ.എസ് മുസ്തഫ

കല്‍പ്പറ്റ: കാത്തുനിന്നവര്‍ക്ക് മുന്നിലേക്ക് ഹൃദയത്തില്‍ തൊട്ട അഭിവാദ്യവുമായെത്തി, വയനാടന്‍ നെല്‍പാടങ്ങളിലിറങ്ങി, കര്‍ഷകരുടെ കരം ചേര്‍ത്ത് പിടിച്ച്, ചെന്നെല്ലിന്‍ ചോറുണ്ട് മറ്റൊരു മൂന്ന് ദിവസം കൂടി വയനാടിലലിഞ്ഞ് രാഹുല്‍ ഗാന്ധി എം.പി ഡല്‍ഹിക്ക് മടങ്ങി. മൂന്ന് ദിവസവും വേവലാതികളുടെയും നോവുകളുടെയും അനീതികളുടെയും കഥകള്‍ നിവേദനങ്ങളാക്കിയെത്തിയവര്‍ക്ക് മുന്നില്‍ അയാള്‍ ആശ്വാസവും പ്രതീക്ഷയുമായി നിന്നു.

യു.പിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബം, പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഡിഫറന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് പ്രവര്‍ത്തകര്‍, അംഗവൈകല്യത്തെ തോല്‍പ്പിച്ച് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയെന്ന വിദ്യാര്‍ത്ഥിനി, തൊഴിലാളികള്‍, കര്‍ഷകര്‍, സംഘടനകള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ രാഹുലിനെത്തേടിയെത്തി. തനിക്ക് മുന്നിലെത്തിയവര്‍ക്ക് മുന്നില്‍ സാധ്യമായ എല്ലാ സഹായങ്ങളും രാഹുല്‍ വാഗ്ദാനം നല്‍കി.

ചൊവ്വാഴ്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍, മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വൈകിട്ടോടെയാണ് വയനാട് ജില്ലയിലെത്തിയത്. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.

ജൈവ കൃഷി പ്രോത്സാഹനം, വയനാട്ടിലെ തനതു നെല്ലിനങ്ങളുടെ സംരക്ഷണം, കാര്‍ഷികോല്‍പാദന കമ്പനികളുടെയും കാര്‍ഷിക സംരംഭങ്ങളുടെയും ശാക്തീകരണം, വയനാടന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന സാധ്യത, ദേശീയവും അന്തര്‍ദേശീയവുമായ സാധ്യതകള്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചകളും നടന്നു. കലക്ടറേറ്റില്‍ നടന്ന ദിശ അവലോകനയോഗത്തില്‍ വയനാടന്‍ നെല്ലിന്റെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും ഊന്നല്‍ നല്‍കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു.

നെല്‍പാടങ്ങളിലും തോട്ടം മേഖലയിലും നേരിട്ടെത്തിയ രാഹുല്‍ കര്‍ഷകരോടും തൊഴിലാളികളോടും ആശയവിനിമയം നടത്തി. തൃശ്ശിലേരിയിലെ പരമ്പരാഗത ജൈവ നെല്‍കൃഷിയെ കുറിച്ച് പഠിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും രാഹുലെത്തി. പാടത്തിറങ്ങിയ അദ്ദേഹം വയനാടിന്റെ പരമ്പരാഗത പൈതൃക വിത്തുകള്‍ കൃഷി ചെയ്തു ഓരോ സ്ഥലവും കണ്ടു കര്‍ഷകനായ ജോണ്‍സണില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇന്നലെ അതിരാവിലെ പനമരം കൊറ്റില്ലം സന്ദര്‍ശിച്ചായിരുന്നു രാഹുലിന്റെ ദിവസം ആരംഭിച്ചത്. ദേശാടനക്കിളികളുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളിലൊന്നായ കൊറ്റില്ലത്തില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് രാഹുല്‍ മടങ്ങിയത്. കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകനമുള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുത്ത രാഹുല്‍, മണ്ഡലത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങ് അവസാന നിമിഷം റദ്ദാക്കുകയും താന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിലക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയത്തോട് പ്രതിഷേധം രേഖപ്പെടുത്തിയ രാഹുല്‍, കേരളത്തിന്റെ പൊതുസ്വഭാവം റദ്ദ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിലെ കത്തുന്ന തിരിക്കുകള്‍ക്കിടയില്‍ വോട്ടര്‍മാരെ കണ്ട് മണ്ഡലത്തിന്റെ വികസനങ്ങളില്‍ നായകത്വം വഹിച്ചാണ് രാഹുല്‍ മൂന്ന് ദിനരാത്രങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ നിന്ന് മടങ്ങിയത്.