ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ അഞ്ചിനുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായകയോഗം തിങ്കളാഴ്ച നടക്കും. രാവിലെ പത്തരക്കാണ് യോഗം.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകൂവെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തേ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ വിഷയമുള്‍പ്പെടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത് എന്നാണ് കരുതുന്നത്.

അതേസമയം രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷന്‍ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.