കല്‍പ്പറ്റ: വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ പിതാവിന് ബലിതര്‍പ്പണം നടത്തി. തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗസ്റ്റ് ഹൗസിലെത്തി ദേഹശുദ്ധി വരുത്തിയതിനു ശേഷമാണ് ബലിതര്‍പ്പണം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ ദേശീയ തലത്തിലേയും കേരളത്തിലേയും നേതാക്കള്‍ രാഹുലിനൊപ്പമുണ്ട്.

പിതാവ് രാജീവ്ഗാന്ധിയുടെ ബലിതര്‍പ്പണത്തിന് നേരത്തേയും രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. അന്ന് കെ കരുണാകരനൊപ്പമായിരുന്നു രാഹുലെത്തിയത്. രാജീവ് ഗാന്ധിക്കും ഇന്ദിരാഗാന്ധി, നെഹ്‌റു, എന്നിവര്‍ക്കൊപ്പം പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്കും വേണ്ടി രാഹുല്‍ ബലിതര്‍പ്പണം നടത്തി. 750 മീറ്ററോളം കാനനപാത താണ്ടിയാണ് തിരുനെല്ലിയിലെ ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. പത്തുമിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. തിരുനെല്ലിയിലെ ചടങ്ങുകള്‍ക്കു ശേഷം രാഹുല്‍ സുല്‍ത്താന്‍ ബത്തേരിയിലെ പരിപാടികള്‍ക്ക് പോകും.