ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരായുള്ള അഴിമതി ആരോപണത്തെ ശരിവെച്ച് ശശിതരൂര്‍ എംപി. രാഹുലിന്റെ കയ്യില്‍ മോദിക്കെതിരായ തെളിവുകളുണ്ടെന്നും അത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചിരുന്നുവെന്നും ശശിതരൂര്‍ പറഞ്ഞു.

രാഹുലിന്റെ കൈയിലുള്ള തെളിവ് ഭൂകമ്പമുണ്ടാക്കുന്നത് തന്നെയാണ്. അധികം വൈകാതെ തന്നെ അദ്ദേഹം അത് ജനങ്ങളുടെ മുന്നില്‍ പറയുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ബിജെപി അതിന് സമ്മതിച്ചില്ലെന്നും തരൂര്‍ വ്യക്തമാക്കി. തെളിവ് രഹസ്യമാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

നോട്ട് നിരോധനത്തിലൂടെ മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ അഴിമതി വെളിപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ബഹളം മൂലം രാഹുലിന് സംസാരിക്കാന്‍ കഴിഞ്ഞില്ല.