ഛണ്ഡിഗഡ്: അതിര്‍ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ കീഴടങ്ങി ഹരിയാന സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി തടഞ്ഞ ഹരിയാന സര്‍ക്കാര്‍ ഒടുവില്‍ റാലിക്ക് അനുമതി നല്‍കി. പഞ്ചാബില്‍ നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി പിന്‍മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കുകയായിരുന്നു. 5000 മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പം ഹരിയാന അതിര്‍ത്തിയില്‍ കാത്തിരുന്നു.

അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുന്നു. അതിര്‍ത്തി തുറക്കുന്നത് വരെ ഞാന്‍ ഇവിടെ കാത്തിരിക്കും. അത് രണ്ട് മണിക്കൂറോ, ആറ് മണിക്കൂറോ, 10 മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ, 5000 മണിക്കൂറോ ആവട്ടെ…ഞാന്‍ കാത്തിരിക്കും. അവര്‍ അതിര്‍ത്തി തുറന്നാല്‍ സമാധാനപരമായി ഞാന്‍ യാത്ര തുടരും. അല്ലെങ്കില്‍ സമാധാനപരമായി ഇവിടെ കാത്തിരിക്കും-രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷബില്ലിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് ഹരിയാന പൊലീസ് റാലി തടഞ്ഞത്. ബാരിക്കേഡുകളില്‍ കൊടികെട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഹരിയാനയില്‍ രണ്ട് റാലികളെ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്ത് സംസാരിക്കും.