മുബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി സംഭവിച്ചിരിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദി സര്‍ക്കാറിനെതിരെ തുറന്നടിച്ചത്.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം പൊതു ജനങ്ങളെ വളരെ ദുരിതത്തിലാക്കി. ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും മോദി ചിരിക്കുകയായിരുന്നുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസംഗത്തിനിടെ പൊട്ടിച്ചിരിച്ച മോദി തൊട്ടടുത്ത ദിവസം കരയുകയായിരുന്നെന്നും എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. നോട്ടുകള്‍ മാറ്റികിട്ടാനായി ക്യൂ നില്‍ക്കുന്നതിനിടെ ഇരുപതോളം പേരാണ് രാജ്യത്ത് മരിച്ചതെന്നും രാഹുല്‍ പറഞ്ഞു.

നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുക വഴി കള്ളപ്പണക്കാരെ മുഴുവന്‍ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് മോദി ചെയ്തതെന്നും വിജയ് മല്യയെയും ലളിത് മോദിയെപ്പോലെയുള്ളവര്‍ വിദേശത്ത് കഴിയുകയണെന്നും രാഹുല്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ തീരുമാനം മോദിയുടേത് മാത്രമാണെന്നും, മറ്റുള്ളവരോട് ആലോചിക്കാതെയാണ് ഇങ്ങനൊരു തീരുമാനത്തിന് അദ്ദേഹം മുതിര്‍ന്നതെന്നും രാഹുല്‍ ആരോപിച്ചു.

നോട്ട് നിരോധിക്കാനുള്ള തീരുമാനം ബിജെപി നേതാക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് അരോപിച്ച രാഹുല്‍ ഗാന്ധി ഈ തീരുമാനം ധനമന്ത്രി പോലും അറിഞ്ഞിട്ടുണ്ടാവില്ലെന്നും കളിയാക്കി.

കൈയ്യില്‍ നോട്ടുകളുടെ ശേഖരവുമായി നില്‍ക്കുന്ന ബിജെപി നേതാക്കളെ താന്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ എവിടുന്നാണ് അവര്‍ക്ക് ഈ പൈസയൊക്കെ കിട്ടുന്നത്. രാജ്യത്തെവിടെയും കള്ളപ്പണക്കാര്‍ ക്യൂവില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ കര്‍ഷകരെയും, സര്‍ക്കാര്‍ ജീവനക്കാരെയും, സാധാരണ ജനങ്ങളെയും മാത്രമാണ് ക്യൂവില്‍ കാണാന്‍ സാധിക്കുന്നതെന്നും വ്യക്തമാക്കി. ജനങ്ങളുടെ ദുരിതങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.