കോഴിക്കോട് : രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തന സമയം നീട്ടി. ഈ മാസം 24 വരെ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കാനാണ് എസ്ബിഐ ശാഖകള്‍ക്ക് നിര്‍ദേശം ലഭിച്ചത്.

അതേസമയം കേരളത്തിന്റെ നഗരപ്രദേശങ്ങളില്‍ എടിഎം വഴി പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയെങ്കിലും പല എടിഎമ്മുകള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. പുതിയ നോട്ട് എത്തിക്കലും പുനഃക്രമീകരണവും നീളുന്നതിനാല്‍ ബാങ്കുകളിലെ ക്യൂവിനും പ്രതിസന്ധിക്കും അയവുവന്നിട്ടില്ല.

കൂടാതെ പല എടിഎമ്മുകളിലും ക്യൂ കൂടിയതായും റിപ്പോര്‍ട്ടുണ്ട്. ചില സ്ഥലങ്ങളില്‍ 2000ന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തിയങ്കിലും അഞ്ഞൂറിന്റെ നോട്ടുകള്‍ കേരളത്തില്‍ എവിടെയും എത്തിയിട്ടില്ല.

എടിഎമ്മുകള്‍ വഴി 2500 രൂപ പിന്‍വലിക്കാന്‍ സാധിക്കുമെന്ന ഉത്തരവ് വന്നെങ്കിലും പലയിടത്തും ഈ സ്വകര്യം ലഭ്യമായിട്ടില്ല. പല എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. അതേസമയം നോട്ടുമാറ്റിയെടുക്കുന്നവരുടെ വിരലില്‍ മഷിപുരട്ടാനുള്ള തീരുമാനത്തോട് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.