ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഐ.എസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിലെ വീഴ്ച മറയ്ക്കാന്‍ മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയ കഥ മെനയുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിന്റെ വീഴ്ച മറയ്ക്കാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെയും കോണ്‍ഗ്രസിനെയും ചേര്‍ത്ത് കഥ മെനയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ ചോര്‍ത്തിയ വിവാദ സ്ഥാപനവും കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് കേന്ദ്രം ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.

ഇറാഖില്‍ ബന്ദികളായ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതുവരെ കേന്ദ്രം നുണ പറയുകയായിരുന്നു. അത് മറച്ചുവെക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ പുതിയ കഥ പടച്ചുവിടുകയാണ്. മാധ്യമങ്ങള്‍ ഈ വാര്‍ത്തക്കു പിന്നാലെ പോയാല്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം ജനങ്ങള്‍ മറക്കുമെന്ന ധാരണയിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.