Connect with us

kerala

സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം

Published

on

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .ശക്തമായ മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.

മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

 

Health

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

Published

on

മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പിന്നീട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം താമസിക്കുന്നത്. ഈ ഭാഗത്തേക്ക് വാഹനം എത്തിപ്പെടാനുള്ള സൗകര്യം കുറവായതിനാൽ കുട്ടയിൽ ചുമന്നാണ് യുവതിയെ ബന്ധുക്കൾ ജീപ്പ് വന്നിരുന്ന സ്ഥലത്തേക്ക് എത്തിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ സുസ്മിതയെ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞതോടെയാണ് ആരോഗ്യനില മോശമായത്.തുടർന്ന് തീവ്ര പരിചരണവിഭാഗത്തിലേക്ക് ഇവരെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

ആര്‍എസ്എസ് ശാഖയിലെ പീഡനം; യുവാവിന്റെ ആത്മഹത്യയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്.

Published

on

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറിയെന്ന് തമ്പാനൂര്‍ പൊലീസ് പറയുന്നു. അതേസമയം കേസ് കൈമാറി ലഭിച്ചിട്ടില്ലെന്ന് പൊന്‍കുന്നം പൊലീസും പ്രതികരിച്ചു.

കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു.

ആര്‍എസ്എസ് കാമ്പുകളില്‍ നടക്കുന്നത് പീഡനമാണെന്നും പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വിഡിയോയില്‍ പറയുന്നു.

Continue Reading

kerala

എരൂരിലെ വൃദ്ധസദനത്തില്‍ വയോധികക്ക് ക്രൂരമര്‍ദനമെന്ന് പരാതി; വാരിയെല്ലിന് പൊട്ടല്‍

മര്‍ദനത്തിനു പിന്നാലെ മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ ശാന്തയെ (71) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Published

on

തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തില്‍ വയോധികക്ക് നേരെ ക്രൂരമര്‍ദനം. ആര്‍.ജെ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന വൃദ്ധസദനത്തിലാണ് വയോധികക്ക് ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തിനു പിന്നാലെ മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ ശാന്തയെ (71) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹില്‍പാലസ് പൊലീസ് കേസെടുത്തു.

ഭര്‍ത്താവിന്റെ മരണശേഷം ശാന്ത സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്നു. എന്നാല്‍ വയോധിക വീണതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടായി. ആശുപത്രിയിലെ ചികിത്സക്കുശേഷം പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക് മാറിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ വയോധികക്ക് മൂന്നാം ദിവസം മുതല്‍ പീഡനം അനുഭവപ്പെട്ടതായാണ് പരാതി. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലില്‍നിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്‌തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വൃദ്ധ സദനത്തില്‍ ബന്ധുക്കള്‍ കാണാനെത്തിയാല്‍ ജീവനക്കാര്‍ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് കഴിഞ്ഞ മാസാവസാനം വൃദ്ധ സദനത്തില്‍നിന്ന് വിളിച്ചറിയിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. അപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ശാന്ത വെളിപ്പെടുത്തിയത്.

മാസം 24,000 രൂപയായിരുന്നു ഫീസ്. ആദ്യമാസം അഡ്വാന്‍സ് 1000 ഉള്‍പ്പെടെ 25000വും പിന്നീടുള്ള രണ്ട് മാസങ്ങളില്‍ 24,000 വീതവും നല്‍കിയെന്നും സഹോദരി പറഞ്ഞു. വാതിലടച്ചായിരുന്നു മര്‍ദനമെന്നും മുഖത്ത് അടിയേറ്റ് ഒരു പല്ല് നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അവശനിലയിലായിരുന്ന വയോധികയെ സ്ഥാപനത്തില്‍നിന്ന് മാറ്റാന്‍ ബന്ധുക്കളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും കൃത്യമായി പണം നല്‍കിയില്ലെന്നും ട്രസ്റ്റ് നടത്തിപ്പുകാരന്‍ പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വയോധികയെ മാറ്റിയതെന്നും മര്‍ദിച്ചെന്ന പരാതി വ്യാജമാണെന്നും നടത്തിപ്പുകാരന്‍ പറയുന്നു.

Continue Reading

Trending