തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതു നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഫീസ് കുറക്കാമെന്ന് പറഞ്ഞത് മാനേജുമെന്റുകളാണ്. ഇക്കാര്യത്തില്‍ തനിക്കും പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിന്നീട് യോഗത്തില്‍ മാനേജുമെന്റുകളോട് മുഖ്യമന്ത്രി കയര്‍ത്തു. മുഴുവന്‍ കരാറും മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം നിലപാടുകളില്‍ നിന്ന് കരണം മറിഞ്ഞു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം രാവിലെ നിയമസഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള നിര്‍ത്തിവെച്ചെങ്കിലും പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷബഹളം തുടരുകയായിരുന്നു. ഇതോടെ ഇന്നത്തേയും നാളത്തേയും സഭാ നടപടികള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.