തിരുവനന്തപുരം: ഇ.എം.സി.സി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസന്റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി ഒന്‍പത്, 10 തീയതികളിലാണ്. പക്ഷേ ഇ.എം.സി.സിയുമായി സര്‍ക്കര്‍ കരാറില്‍ ഒപ്പിട്ടത് 28-02-2020ല്‍ ആണ്. അതായത് അസന്റ് കഴിഞ്ഞ് 48 ദിവസം കഴിഞ്ഞപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തത്. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഈ നടപടികളെല്ലാം തന്നെ നിയമസഭയില്‍ നിന്ന് സര്‍ക്കാര്‍ പരിപൂര്‍ണമായി മറച്ചുവെച്ചു. 12-02- 2020ല്‍ മോന്‍സ് ജോസഫ്, പി.ജെ ജോസ്, സിഎഫ് തോമസ് എന്നീ മൂന്ന് എം.എല്‍,എമാര്‍ അസന്റിനെപ്പറ്റി ചോദിച്ചപ്പോള്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പദ്ധതിയെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് ഈ പദ്ധതിയെ എടുത്തതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക ആസ്ഥാനമായുള്ള ഇ.എം.സി.സി ഗ്ലോബല്‍ കണ്‍സോഷ്യത്തിന്റെ സബ്‌സിഡയറി കമ്പനിയായ ഇ.എം.സി.സി ഇന്റര്‍ നാഷണല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യബന്ധനം പരിപോക്ഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കണ്‍സെപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ കമ്പനിയെപറ്റി അന്വേഷിച്ച് അറിയണമെന്നുമാണ് കത്തിന്റ ഉളളടക്കം.
കേരളത്തില്‍ കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.