കോയമ്പത്തൂര്‍: ആനയ്ക്ക് നേരെ വീണ്ടും ക്രൂരത. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വിവാദമായതിനെ പിന്നാലെ കുറ്റാരോപിതരായ രണ്ടു പാപ്പാന്മാരെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തിലെ ആനയാണ് പാപ്പാന്മാരുടെ ക്രൂരതയ്ക്ക് ഇരയായത്. മരത്തിന്റെ പിന്നില്‍ രണ്ടു പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ വടി കൊണ്ട് തുടര്‍ച്ചയായി തല്ലുന്നതാണ് വീഡിയോയില്‍ വ്യക്തമായത്. വേദന കൊണ്ട് ആന പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ആനയ്ക്ക് നേരെയുള്ള ക്രൂരത പാപ്പാന്മാര്‍ തുടര്‍ന്നു. പറയുന്ന കാര്യങ്ങള്‍ അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രൂരതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പറഞ്ഞത് അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആനയെ കോയമ്പത്തൂരിലെ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചത്. എല്ലാവര്‍ഷവും 48 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ 28 ആനകളാണ് ആന പരിപാലന കേന്ദ്രത്തില്‍ എത്തിയത്. പാപ്പാന്മാരായ വിനില്‍ കുമാര്‍, ശിവപ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.