തിരുവനന്തപുരം: ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു രമേശ് പിഷാരടി എവിടെയെന്ന്? കാരണം മറ്റൊന്നുമല്ല ഞായറാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പിഷാരടിയെ കണ്ടില്ല. അതും സൂപ്പര്‍ താരം മോഹന്‍ലാല്‍ അതിഥിയായി പങ്കെടുത്ത എപ്പിസോഡ് കൂടിയായരുന്നു അത്. സാധാരണ മുകേഷ്, പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ബഡായി ബംഗ്ലാവ് അവതരിപ്പിക്കാറ്. പിഷാരടിയുടെ അസാന്നിധ്യം പരിപാടിയെ നന്നായി ബാധിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

പിഷാരടിയുടെ കൗണ്ടറുകള്‍ ഏറെ ചിരിപടര്‍ത്തുന്നതുമാണ്. മോഹന്‍ലാല്‍ അതിഥിയായി പങ്കെടുത്തിട്ടും പിഷാരടിയെ കാണാഞ്ഞതായിരുന്നു സോഷ്യല്‍ മീഡിയയിലെ സംസാരം. പിഷാരടിയെ കാണാനില്ലെന്നും പറഞ്ഞ് ട്രോളര്‍മാരും രംഗത്ത് എത്തി. മുകേഷുമായി വഴക്കിട്ട് പോയതാണെന്ന് വരെ പറഞ്ഞുപരത്തി. ഒടുവില്‍ പിഷാരടി തന്നെ വിശദീകരണം നല്‍കിയതോടെയാണ് ട്രോളര്‍മാരും അടങ്ങിയത്. ഒരു ഷോയുമായി ബന്ധപ്പെട്ട് യു.എസിലാണെന്നാണ് പിഷാരടി പറയുന്നത്. 40 ദിവസത്തെ പരിപാടിക്കാണ് പോയത്. പോകും മുമ്പ് ഏതാനും എപ്പിസോഡുകള്‍ ഷൂട്ടിങ് ചെയ്തിരുന്നു. ഇതിനിടെയാണ് പുലിമുരുകന്‍ റിലീസ് ആവുന്നതും അപ്രതീക്ഷിതമായി ബഡായി ബംഗ്ലാവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നതും. ഇതോടെയാണ് പിഷാരടിയുടെ അഭാവത്തില്‍ ആ എപ്പിസോഡ് ചിത്രീകരിച്ചത്.