കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടി അതേ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ ഷോളവരത്താണ് സംഭവം. പെണ്‍കുട്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ആണ് സംഭവം. ശുചി മുറിയില്‍ പോകാന്‍ വേണ്ടി എഴുന്നെറ്റതായിരുന്നു പെണ്‍കുട്ടി. വീടിനു പുറത്തെ ശുചിമുറിയിലേക്ക് നടക്കവേ ബന്ധു കൂടിയായ അജിത്ത് കുമാര്‍ ഇരുളില്‍ നിന്നും മുന്നിലേക്ക് ചാടി വീണു. മദ്യ ലഹരിയിലായിരുന്ന അജിത് കുമാര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. അയാള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പിടിവലിക്കിടെ കത്തി കയ്യിലാക്കിയ പെണ്‍കുട്ടി സ്വയം രക്ഷാര്‍ഥം ആഞ്ഞു വീശി. മുറിവേറ്റ അജിത്കുമാര്‍ നിലത്തു വീണു.

പേടിച്ചു പോയ പെണ്‍കുട്ടി വീണ്ടും വീണ്ടും കുത്തി അജിത്ത് എഴുന്നേറ്റു വരുന്നില്ലെന്ന് ഉറപ്പാക്കി. മരിച്ചെന്നു ബോധ്യമായതോടെ കത്തിയുമായി കീഴടങ്ങാന്‍ പുലര്‍ച്ചെ നടന്നു സ്റ്റേഷനിലേക്ക് എത്തിയത്. പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഉടന്‍ വീട്ടിലെത്തി പരിശോധന നടത്തി. ശുചിമുറിയോട് ചേര്‍ന്നു അജിത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഉണ്ടായ കൊലപാതകം എന്നനിലക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പെണ്‍കുട്ടിയുടെ ധീരതയെ വാഴ്ത്തുന്ന സമൂഹ മാധ്യങ്ങള്‍.