ഇടുക്കിയില്‍ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്.

ന്യൂസിലാന്‍ഡില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിക്ക് നേരെയാണ് അക്രമമുണ്ടായത്. ഏതാനും ദിവസങ്ങളായി ആറംഗ കുടുംബം ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടില്‍ താമസിച്ച്വുവരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി മസാജിങ് കേന്ദ്രത്തില്‍ വച്ചാണ് പീഡനശ്രമമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കള്‍ കാര്യം തിരക്കുകയും തുടര്‍ന്ന് ടൂറിസ്റ്റ് ഗൈഡിന്റെ സഹായത്തോടെ വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

അന്വേഷണം നടത്തിയ പൊലീസ് തെറാപ്പിസ്റ്റായ വിമലിനെ അറസ്റ്റ് ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.