ബാംഗളൂരു: അയല്‍ക്കാരിയായ യുവതിയ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ബാംഗളൂരുവിലെ ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റ് ഷോറൂമില്‍ എക്‌സിക്യൂട്ടിവ് ആയ രാജ് ദീപ്(34) ആണ് അറസ്റ്റിലായത്. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ കഴിയുന്ന ഇയാള്‍ അവിവാഹിതനാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഓസ്റ്റിന്‍ ഠൗണിലാണ് പരാതിക്കിടസ്ഥാനമായ സംഭവം നടന്നത്. ഇയാളുടെ അയല്‍വാസിയായ യുവതി കുളിക്കുന്നതിനിടെയാണ് ആരോ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആള്‍ രാജ് ദീപാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തു. യുവതി തന്നെ കണ്ടെന്ന് മനസിലായതോടെ രാജ് ദീപ് സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു.

ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജ് ദീപിന്റെ വീട്ടിലെത്തുകയും ചെയ്തു. ഇവര്‍ ചോദ്യം ചെയ്തപ്പോള്‍ ഒന്നും അറിയാത്ത മട്ടിലായിരുന്നു യുവാവ് പ്രതികരിച്ചത്. ഫോണ്‍ സ്ത്രീയുടെ കയ്യില്‍ നല്‍കി വേണമെങ്കില്‍ പരിശോധിച്ച് നോക്കുവെന്നും പറഞ്ഞു. ഇങ്ങനെ നടത്തിയ പരിശോധനയില്‍ ഫോണിലെ റീസൈക്കിള്‍ ബിന്നില്‍ നിന്നും യുവതിയുടെ വീഡിയോ കണ്ടെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഇതോടെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് രാജ് ദീപിനെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയില്‍ ലൈംഗിക അതിക്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാജ് ദീപിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.