ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ച് രത്തന്‍ടാറ്റ. സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്ന് ടാറ്റ ട്വിറ്ററില്‍ കുറിച്ചു.

നോട്ട് പിന്‍വലിക്കലിലൂടെ അഴിമതിയും കള്ളപ്പണവും തടയാനാകും. സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് രത്തന്‍ടാറ്റയുടെ പരാമര്‍ശം. മോദിക്കെതിരെ വിദേശമാധ്യമങ്ങളും വിമര്‍ശിച്ചു രംഗത്തുവന്നിട്ടുണ്ട്.

സര്‍ക്കാരിനെതിരെ അകാലിദളും ശിവസേനയും രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളും നോട്ട് നിരോധനത്തെ എതിര്‍ത്തിട്ടുണ്ട്. അംബാനിയും അദാനിയും നോട്ട് നിരോധനം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ബിജെപി എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ പാര്‍ലമെന്റിലും കനത്ത പ്രതിഷേധമാണുയരുന്നത്.