പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കഴിഞ്ഞ ദിവസമാണ് രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. രണ്ട് വര്‍ഷം പരിശീലകനായിരുന്ന ശേഷം വീണ്ടും ശാസ്ത്രിയെ തന്നെ നിയമിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനായതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാസ്ത്രി.

ലോകകപ്പ് തോല്‍വിയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറെ വേദനിപ്പിച്ചതെന്ന് ശാസ്ത്രി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രണ്ടു വര്‍ഷത്തെ കാലയളവില്‍ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റതാണ് ഏറ്റവും നിരാശയേറിയ നിമിഷം. ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധ്യയുള്ളവരുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പിലുണ്ടായിരുന്ന ഇന്ത്യ. എന്നാല്‍ അതിന് കഴിഞ്ഞില്ല.

30 മിനുറ്റ് കളി മറന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. മറ്റ് ഏതൊരു ടീമിനെക്കാളും മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു. ഒരു മോശം ദിവസം, അല്ലെങ്കില്‍ ഒരു മോശം സെഷനാണ് ലോകകപ്പ് പ്രതീക്ഷകളെ ഇല്ലാതാക്കിയത്.” ശാസ്ത്രി പറഞ്ഞുനിര്‍ത്തി.