ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്നു പ്രഖ്യാപിക്കും. റിപ്പോ നിരക്ക് ഉള്‍പ്പെടെ പ്രധാന നിരക്കുകള്‍ കുറക്കില്ലെന്നാണ് വിവരം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമ്പദ് ഘടനയില്‍ ഉണര്‍വുണ്ടാകാന്‍ നിരക്കുകള്‍ കുറക്കാന്‍ ആര്‍ബിഐക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐയെ പിന്നോട്ട് വലിക്കുന്നത്.
ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ആഗസ്തില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.