കോഴിക്കോട്: വാഹനപരിശോധനയുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പല പ്രചാരണങ്ങളും വ്യാജമെന്ന് പരാതി. വാഹനങ്ങള്‍ മോഡിഫൈ ചെയ്തതിന് വന്‍ തുക ഈടാക്കുന്നു എന്നാരോപിച്ച് മോട്ടോര്‍ വാഹനവകുപ്പിനെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഔദ്യോഗിക സ്റ്റിക്കര്‍ പതിച്ചതിന്റെ പേരില്‍ പോലും പിഴ ഈടാക്കുന്നു. അലോയ് വീല്‍ ഘടിപ്പിച്ചാല്‍ വീല്‍ ഒന്നിന് 5000 രൂപ വെച്ച് 20,000 രൂപ വരെ ഈടാക്കുന്നു തുടങ്ങിയ പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ വിശദീകരണം.

ലോക്ഡൗണ്‍ കാലയളവില്‍ വാഹനപരിശോധന നിര്‍ത്തിവെച്ചിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സ്വകാര്യവാഹനങ്ങള്‍ ധാരാളമായി പുറത്തിറങ്ങാന്‍ തുടങ്ങിയ ഇതിലൂടെ അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ പതിവ് വാഹനപരിശോധന പുനരാരംഭിക്കുക മാത്രമാണ് ചെയ്തതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

ഇ-ചെല്ലാന്‍ എന്ന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് ഇപ്പോള്‍ വാഹനപരിശോധന നടക്കുന്നത്. മുമ്പ് തെളിവുകളുടെ അഭാവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ പിഴ ഈടാക്കാന്‍ സാധിക്കുന്നുണ്ട്. അന്യായമായി പിഴ ചുമത്തിയെന്ന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയെ സമീപിക്കാവുന്നതാണെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.