ന്യൂഡല്‍ഹി: രാജ്യത്തെ 1100 നഗരങ്ങളെ ബന്ധിപ്പിച്ച് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ആഗസ്റ്റ് 15 മുതല്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് റിലയന്‍സ് തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈയില്‍ നടന്ന കമ്പനിയുടെ 41 ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് റിലയന്‍സ് ജിയോയുടെ ഈ സുപ്രധാന പ്രഖ്യാപനം. പദ്ധതിക്ക് പുറമേ ജിയോഫോണിന്റെ പുതിയ പതിപ്പായ ജിയോ ഫോണ്‍ 2 വും വേദിയില്‍ അവതരിപ്പിച്ചു. അടുത്തിടെ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും ഭാര്യ ഇഷയും ചേര്‍ന്നാണ് ജിയോ ഗിഗാ ഫൈബര്‍ അവതരിപ്പിച്ചത്. രാജ്യത്തെ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്റ് ശൃഖലയെ അടിമുടി മാറ്റുന്നതായിരിക്കും ജിയോ ഗിഗാ ഫൈബര്‍ എന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. ബ്രോഡ്ബാന്‍ഡ് ശൃഖലയ്ക്ക് വേണ്ടി 250000 കോടി രൂപ ഇതിനോടകം നിക്ഷേപിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുണ്ടാകുമെന്ന് ജിയോ പറയുന്നു. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കും. വീടുകള്‍, ചെറു വ്യവസായങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചാണ് ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്ക് ആവിഷ്‌കരിക്കുന്നത്.