ഫുട്‌ബോള്‍ ചരിത്രത്തിലെ ടോപ് ടെന്‍ ഫ്രീകിക്ക് ഗോളുകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാവുന്ന ഒന്നാണ് ഫ്രാന്‍സിനെതിരെ റോബര്‍ട്ടോ കാര്‍ലോസ് നേടിയ ഗോള്‍. 35മീറ്റര്‍ അകലെ നിന്ന് താരം തൊടുത്ത ഷോട്ട് അവിശ്വസനീമായി പോസ്റ്റില്‍ കയറുന്ന ദൃശ്യം ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. 20 വര്‍ഷത്തിനു ശേഷം തന്റെ ഐതിഹാസികമായ ഗോളിന്റെ രഹസ്യം കാര്‍ലോസ് വെളിപ്പെടുത്തി. തന്റെ ഗോള്‍ അവിചാരിതമായി പിറന്ന ഒന്നാണെന്നാണ് ആ ഗോളിന്റെ ഉടമതന്നെ ഇപ്പോള്‍ പറയുന്നത്.

ഫുട്‌ബോള്‍ ലോകം വളരെയധികം കൊണ്ടാടിയ അത്ഭുത ഗോള്‍ പിറന്നത് 1997 ജൂണ്‍ മൂന്നിന് ഫ്രാന്‍സിലെ ലിയോണ്‍ സ്റ്റേഡിയത്തിലാണ്. ഫ്രാന്‍സ്- ബ്രസീല്‍ മത്സരത്തില്‍ 82-ാം മിനുട്ടില്‍ 35 മീറ്റര്‍ അകലെ നിന്ന് ബ്രസിലിനു അനുകൂലമായ കാര്‍ലോസ് എടുത്ത ഫ്രീക്കിക്ക് വളഞ്ഞ്പുളഞ്ഞ് വലയിലേക്ക് കയറിയത് ഏവരേയും അത്ഭുതപ്പെടുത്തിയായിരുന്നു.

”ഇടങ്കാലിനെടുത്ത ആ ഫ്രീക്കിക്ക്, ഗോള്‍ പോസ്റ്റില്‍ നിന്ന് വളരേയേറെ അകലെ പുറത്തേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. പെട്ടന്ന് കാറ്റ് വീശി പന്തിന്റെ ഗതിമാറി അത് വലയിലെത്തുകയായിരുന്നു, തികച്ചും അത്ഭുതം തന്നെ” കാര്‍ലോസ് പറഞ്ഞു. ഫ്രാന്‍സിലെ ലെ എക്വുപെ പത്രത്തിലാണ് കാര്‍ലോസിന്റെ വെളിപ്പെടുത്തല്‍

 

സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇപ്പോഴും വലിയ രീതിയില്‍ പ്രചരിക്കപ്പെടുന്ന ഈ ഗോള്‍ ദൃശ്യം പക്ഷെ അവിചാരിതമായി സംഭവിച്ച ഒന്നാണെന്ന വെളിപ്പെടുത്തല്‍ ഫുട്ബാള്‍ ആരാധകരെ നിരാശയിലാഴ്ത്തും.

1992-2006വരെ ബ്രസീല്‍ ദേശീയ ടീമില്‍ കളിച്ച കാര്‍ലോസ് 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. 2006 ജര്‍മനി ലോകകപ്പില്‍ ഫ്രാന്‍സിനെതിരെയായിരുന്നു താരത്തിന്റെ അവസാനം മത്സരം. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡനായി 370 ത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ലോകം കണ്ട മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളാണ് കാര്‍ലോസ്.