സോള്‍:അമേരിക്ക എന്ന രാജ്യം പൂര്‍ണമായി ലക്ഷ്യമിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. പരീക്ഷണത്തിന്റെ വിജയത്തോടെ രാജ്യം സമ്പൂര്‍ണ ആണവായുധ ശേഷി കൈവരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഹാവ് സാങ് -15 മിസൈല്‍ ഏറ്റവും പ്രഹര ശേഷി കൂടിയതെന്നാണ് രാജ്യം ഇതിനെ വിശേഷിപ്പിച്ചത്. ജപ്പാന്‍ കടലിലാണ് മിസൈല്‍ പതിച്ചത്. വിക്ഷേപണം ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. 4,475 കിലോമീറ്റര്‍ (2,780 മൈലുകള്‍) പിന്നിട്ടാണ് മിസൈല്‍ പതിച്ചത്.
മുന്‍പു വികസിപ്പിച്ച മിസൈലുകളെ അപേക്ഷിച്ച് വന്‍ പ്രഹരശേഷിയുള്ളതാണ് ഹാവ് സാങ് -15 എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. ചരിത്രപരമായ മുന്നേറ്റമാണ് രാജ്യം നേടിയതെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി. ‘രാജ്യം സമ്പൂര്‍ണ ആണാവായുധ ശേഷി നേടി. മിസൈല്‍ പരിക്ഷണത്തില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞു. ആണവായുധ ശേഖരത്തില്‍ രാജ്യത്തിന് ഉത്തരവാദിത്വമുണ്ട്. അതു പോലെ തന്നെ രാജ്യം സമാധാനം ആഗ്രഹിക്കുന്നു. ഒരു രാജ്യത്തിനും ഭീഷണിയില്ല. എന്നാല്‍, യുഎസ് ആണവായുധ വിഷയം ഉയര്‍ത്തിക്കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്’. ഉന്‍ വ്യക്തമാക്കി.