യാങ്കൂണ്‍: മ്യാന്മറിലെ റാഖൈന്‍ സ്‌റ്റേറ്റില്‍ സൈനിക ട്രക്കിനുനേരെ റോഹിന്‍ഗ്യ മുസ്ലിം
വിമതരുടെ ആക്രമണം. പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി ഏറ്റെടുത്തു.

കുഴിബോംബുകളും മറ്റും ഉപയോഗിച്ച് പര്‍വ്വതപ്രദേശത്തുനിന്നാണ് ട്രക്കിനുനേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ആഗസ്റ്റില്‍ ബോര്‍ഡര്‍ പൊലീസുകാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് റാഖൈന്‍ സ്റ്റേറ്റില്‍ മ്യാന്മര്‍ നടത്തിയ സൈനിക നടപടിയില്‍ ഒമ്പതിനായിരത്തോളം റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ കൊല്ലപ്പെടുകയും ആറര ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭ വംശഹത്യയെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്‍ കുട്ടികളും സ്ത്രീകളും നിഷ്‌കരുണം കൊല്ലപ്പെട്ടു. സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിനിരയായി. മുസ്്‌ലിം വീടുകളും ഗ്രാമങ്ങളും സൈന്യം ചുട്ടെരിച്ചു.