സിഡ്‌നി: ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറി മികവില്‍ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയ 346-നെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 479 എന്ന ശക്തമായ നിലയിലാണ് ഓസീസ്. ആറ് വിക്കറ്റ് കൂടി കൈവശമിരിക്കെ 133 റണ്‍സ് ലീഡുണ്ട് ആതിഥേയര്‍ക്ക്. ഷോണ്‍ മാര്‍ഷും (98) മിച്ചല്‍ മാര്‍ഷും (63) ആണ് ക്രീസില്‍.

രണ്ടിന് 193 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ഇന്നലെയും ആധിപത്യം തുടരുകയായിരുന്നു. 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഖ്വാജ ആഷസിലെ തന്റെ കന്നി ശതകം കുറിച്ചപ്പോള്‍ മികച്ച ഫോമിലുള്ള സ്റ്റീവന്‍ സ്മിത്തിന് (83) സെഞ്ച്വറിയിലെത്താനായില്ല. എങ്കിലും ഖ്വാജക്കൊപ്പം മൂന്നാം വിക്കറ്റില്‍ 188 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്ടന്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ വെള്ളമൊഴിച്ച ഇന്നിങ്‌സാണ് കളിച്ചത്.

2017-ല്‍ ഒരു സെഞ്ച്വറി പോലും സ്വന്തം പേരിലില്ലാത്ത ഉസ്മാന്‍ ഖ്വാജക്ക് ഇന്നലെ ആശ്വാസത്തിന്റെയും ആഘോഷത്തിന്റെയും ദിനമായിരുന്നു. 222 പന്ത് നേരിട്ട് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഖ്വാജ കരിയറിലെ ആറാം സെഞ്ച്വറി സ്വന്തമാക്കിയത്. ആകെ 381 പന്തുകള്‍ നേരിട്ട താരത്തിന്റെ ഏറ്റവും സുദീര്‍ഘമായ ഇന്നിങ്‌സും ഇതു തന്നെയായിരുന്നു.

സ്‌കോര്‍ 274-ല്‍ നില്‍ക്കെ മോയിന്‍ അലിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി സ്മിത്ത് മടങ്ങിയ ശേഷം ഷോണ്‍ മാര്‍ഷിനൊപ്പം ഖ്വാജ 103 റണ്‍സിന്റെ കൂട്ടുകെട്ടില്‍ കൂടി പങ്കാളിയായി. ഇരട്ട ശതകത്തിലേക്കെന്ന് തോന്നിച്ച ഇന്നിങ്‌സിന് വിരാമമിട്ടത് മേസണ്‍ ക്രെയ്‌നാണ്.
മാര്‍ഷ് സഹോദരങ്ങള്‍ ചേര്‍ന്ന് ഇതിനകം 104 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു കഴിഞ്ഞു. സെഞ്ച്വറിക്ക് തൊട്ടരികെ എത്തിയ ഷോണ്‍ പ്രതിരോധത്തിലൂന്നിയാണ് കളിച്ചതെങ്കില്‍ ഏകദിന ശൈലിയിലാണ് മിച്ചലിന്റെ ബാറ്റിങ്. ഷോണ്‍ പത്ത് ബൗണ്ടറി നേടിയപ്പോള്‍ മിച്ചല്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറുകളും നേടിക്കഴിഞ്ഞു.

വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ലീഡ് പരമാവധി ഉയര്‍ത്തി ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിന് അയക്കുകയാവും ഇനി ഓസീസ് ലക്ഷ്യം. 250 റണ്‍സിന് മുകളില്‍ ലീഡ് നേടാനായാല്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനാണ് സാധ്യത. വിജയ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച ഇംഗ്ലണ്ട് സമനിലയാവും ഇനി നോട്ടമിടുന്നത്.