News

തകര്‍പ്പന്‍ ഗോളുകളുമായി റൊണാള്‍ഡോയും മാനെയും; ഇത്തിഹാദിനെ തകര്‍ത്ത് അല്‍ നസര്‍

By webdesk18

September 27, 2025

സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ശക്തമായ പ്രകടനത്തോടെ വിജയം നേടി. കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദിനെ 20ന് അല്‍ നസര്‍ തോല്‍പ്പിച്ചു.

സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ മാനെയും അല്‍ നസറിനായി ഗോള്‍ നേടി. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ കിംഗ്സ്ലി കൊമാന്റെ ക്രോസില്‍ നിന്ന് മാനെ വോളിയിലൂടെ ആദ്യ ലീഡ് നല്‍കി. ഒന്നാം പകുതിയുടെ അവസാനത്തില്‍ മാനെയുടെ കൃത്യമായ ക്രോസില്‍ നിന്ന് റൊണാള്‍ഡോ ഹെഡ്ഡറിലൂടെ ഗോള്‍ നേടി ലീഡ് ഇരട്ടിയാക്കി.

മത്സരത്തില്‍ അല്‍ നസറിന്റെ പ്രതിരോധത്തെ തകര്‍ത്ത് മുന്നേറാന്‍ അല്‍ ഇത്തിഹാദിന് കഴിഞ്ഞില്ല. കരീം ബെന്‍സിമയടക്കമുള്ള താരങ്ങളെ അല്‍ നസര്‍ വിജയകരമായി തടഞ്ഞു. സ്റ്റീവന്‍ ബെര്‍ഗ്വിന്‍, മൂസ ഡയബി എന്നിവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.

ഈ ജയം വഴിയായി, സ്വന്തം മൈതാനത്ത് 19 മത്സരങ്ങളായി തുടരുന്ന അല്‍ ഇത്തിഹാദിന്റെ അപരാജിത പരമ്പരക്ക് വിരാമമായി. നാല് കളികളില്‍ നിന്ന് 12 പോയിന്റുമായി അല്‍ നസര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.