യുവസംവിധായിക റോഷിനി ദിനകറിന്റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് വഴങ്ങി. റോഷിനിയുടെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് പൃഥ്വിരാജ് സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. ഫിലിം ചേംബറിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പൃഥ്വിരാജ് സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.

സിനിമയുടെ ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വിരാജ് ഡേറ്റ് നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് റോഷിനി ഫിലിം ചേംബറിനെ സമീപിച്ച് പരാതി നല്‍കി. ഇന്നലെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തുകയായിരുന്നു. ചേംബര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൃഥ്വിരാജ് ഡേറ്റ് നല്‍കി.

സിനിമയുടെ ആദ്യഭാഗങ്ങള്‍ യൂറോപ്പിലാണ് ചിത്രീകരിച്ചിരുന്നത്. അതിന് ശേഷമായിരുന്നു ഡേറ്റ് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. ഒക്ടോബര്‍ 18മുതല്‍ നവംബര്‍ ഒന്നുവരെ സിനിമയുടെ ഇന്ത്യയിലെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ പൃഥ്വിരാജ് തയ്യാറായിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ വരുന്ന ബാക്കി ഭാഗത്തിന് ജനുവരിയിലും താരം ഡേറ്റ് നല്‍കി. പാര്‍വ്വതിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ബ്ലസ്സിയുടെ ആട് ജീവിതത്തില്‍ അഭിനയിക്കുന്നതിനും പൃഥ്വിരാജ് ഡേറ്റ് നല്‍കിയിട്ടുണ്ട്. അഞ്ജലി മേനോന്‍ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ ചിത്രങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകയായ റോഷ്‌നി ദിനകര്‍.