വാഷിങ്ടണ്‍: പ്രസിഡന്റിന്റെ പത്‌നിയാണ് രാജ്യത്തിന്റെ പ്രഥമ വനിത. എന്നാല്‍ അമേരിക്കയില്‍ നിലവില്‍ പ്രഥമ വനിത ആരാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര നയതന്ത്ര വിഷയങ്ങള്‍ക്കു തന്നെ സമയം കിട്ടാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ ഒരു ചോദ്യം ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്. മൂന്നുവട്ടം വിവാഹിതനായ ട്രംപിന്റെ ഭാര്യമാരില്‍ ആരാണ് പ്രഥമ വനിത എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ആദ്യ ഭാര്യ ഇവാനയും മൂന്നാം ഭാര്യ മെലാനിയയും തമ്മിലാണ് തര്‍ക്കം. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടതോടെയാണ് ആശയക്കുഴപ്പങ്ങളുടെ തുടക്കം. വാദങ്ങളും പ്രതിവാദങ്ങളുമായി ജനങ്ങളും ഇക്കാര്യം അങ്ങ് ഏറ്റെടുത്തു. റെയ്‌സിങ് ട്രംപ് എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇവാന വിവാദത്തിനു തിരികൊളുത്തിയത്. ട്രംപുമായുള്ള ദീര്‍ഘകാലത്തെ ദാമ്പത്യവും അതു തകരാനുണ്ടായ കാരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗുഡ് മോണിങ് അമേരിക്ക എന്ന ടിവി പരിപാടിക്കിടെയായിരുന്നു ഇവാനയുടെ പ്രതികരണം. ട്രംപിന്റെ ആദ്യ ഭാര്യയാണ് താന്‍. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അതിനാല്‍ താനാണ് രാജ്യത്തിന്റെ പ്രഥമവനിത. വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എന്തുകൊണ്ടും തനിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇതിനു താല്‍പര്യമില്ല. മെലാനിയ അവിടെയുണ്ടല്ലോ. അവര്‍ക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഇപ്പോഴത്തെ ജീവിതവും സ്വാതന്ത്ര്യവും താന്‍ ആസ്വദിക്കുന്നതായും ഇവാന പറഞ്ഞു. ഇവാനയെ പിരിഞ്ഞ ശേഷം മോഡലായ മാര്‍ലാ മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം കഴിച്ചത്. എന്നാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ പരാമര്‍ശിച്ചില്ല. രണ്ടാം ബന്ധവും തകര്‍ന്നതോടെയാണ് ട്രംപ് മെലാനിയയെ വിവാഹം ചെയ്തത്. ഇവാനയില്‍ ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക് ട്രംപ്, എറിക് ട്രംപ് എന്നീ മക്കളുണ്ട്. മാര്‍ല മേപ്പിള്‍സിലും മെലാനിയയിലും ട്രംപിന് ഓരോ മക്കളാണുള്ളത്. ടിഫാനി ട്രംപും ബാരണ്‍ ട്രംപും.
പുസ്തകം വിറ്റഴിക്കുന്നതിന് വില കുറഞ്ഞ വേലയാണ് ഇവാനയുടേതെന്നു മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം പ്രതികരിച്ചു. എന്തായാലും വൈറ്റ്ഹൗസിലെ വീട്ടുകാര്യം ചര്‍ച്ചാവിഷയമാതോടെ ട്രംപ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.