കാണ്‍പൂര്‍: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 22 സീനിയര്‍ വിദ്യാര്‍ഥികളെ ഖരഗ്പൂര്‍ ഐ.ഐ.ടി സസ്‌പെന്റ് ചെയ്തു. രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥികളെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.

ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന്റെ ഭാഗമായി വിവസ്ത്രരാക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. ജൂലായില്‍ എത്തിയ പുതിയ ബാച്ചുകാരെയാണ് റാഗിങ്ങിന് ഇരയാക്കിയത്. ആഗസ്റ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. 16വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷവും, ആറു പേര്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുക. ഈ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജ് ക്യാമ്പസ്സിലേക്ക് പ്രവേശിക്കാനോ പഠിക്കാനോ സാധിക്കില്ലെന്ന് പ്രൊഫസര്‍ അഗര്‍വാള്‍ പറഞ്ഞു. റാഗിങ്ങിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് 22പേരുടെ സസ്‌പെന്‍ഷന്‍ വളരെ ശക്തമായ താക്കീതാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.