പത്തനംതിട്ട: നാളെ വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ വനിത മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് റിപ്പോര്‍ട്ടിങ്ങിന് അയക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ കത്ത്. നേരത്തെ, റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ വനിത മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെട്ടിരുന്നു.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ഹിന്ദു ഐക്യവേദി എന്നിവരടങ്ങിയ ശബരിമല കര്‍മ്മ സമിതിയാണ് എഡിറ്റര്‍മാര്‍ക്ക് കത്തെഴുതിയിരിക്കുന്നത്. 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ റിപ്പോര്‍ട്ടിങ്ങിനായി ശബരിമലയില്‍ എത്തുന്നത് സ്ഥിഗതികള്‍ വഷളാക്കുമെന്നും ഇത്തരമൊരു നിലപാട് മാധ്യമസ്ഥാപനങ്ങള്‍ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കത്തിലുളളതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്തിര ആട്ടത്തിരുനാളിനായി തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറക്കുക. ചൊവ്വാഴ്ച രാത്രി 10 മണിക്ക് നട അടക്കും. അതു കഴിഞ്ഞ് മണ്ഡലകാല പൂജക്കായി നവംബര്‍ 17 ന് നട വീണ്ടും തുറക്കും.