കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവ സ്ഥലത്തു നിന്നും നിടുംപൊയില്‍ ചുരത്തില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല്ലാന്‍ ഉപയോഗിച്ച മൂന്നു വടിവാളും ഒരു കത്തിയുമാണ് കണ്ടെടുത്തത്. കൊലപാതകത്തിനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മുഴക്കുന്ന് പാറക്കണ്ടം പുത്തംവീട്ടീല്‍ മുഹമ്മദ്(20),മിനിക്കോല്‍ സലീം(26), നീര്‍വേലിസമീറ മന്‍സിലീല്‍ അമീര്‍(26),പാലയോട് തെക്കയില്‍ ഹാഷിം(ഷമീം) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ശ്യാം പ്രസാദ് വെട്ടേറ്റു മരിച്ചത്. ബൈക്ക് തടഞ്ഞു നിര്‍ത്തി മുഖംമൂടി ധരിച്ച സംഘം ശ്യാമപ്രസാദിനെ ആക്രമിക്കുകയായിരുന്നു.


പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് കണ്ണവം പ്രസിഡന്റ് അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമാണ് കൊലയില്‍ കലാശിച്ചതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം. പ്രദേശത്തെ സ്ത്രീയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അക്രമിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതും അക്രമത്തിനു കാരണമായതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ച് വയനാട് വഴി കര്‍ണ്ണാടകയിലേക്ക് കാറില്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.