ന്യൂയോര്‍ക്ക്: ഇറാനിലെ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടിയതിന് റഷ്യ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി യോഗം വിളിച്ചത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ തലയിടുന്നത് ഐക്യരാഷ്ട്രസഭക്ക് ദോഷം ചെയ്യുമെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബന്‍സ്യ മുന്നറിയിപ്പുനല്‍കി.

അമേരിക്ക യു.എന്‍ രക്ഷാസമതിയെ ദുരുപയോഗം ചെയ്യുകയാണ്. ഇറാന്‍ അവരുടെ പ്രശ്‌നങ്ങള്‍ സ്വന്തമായി തീര്‍ക്കട്ടെ. ഇറാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയോ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ അല്ല ഇപ്പോള്‍ രക്ഷാസമിതി യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. ഇറാനുമായുള്ള ആണവ കരാര്‍ അട്ടിമറിക്കാനാണ് അമേരിക്ക ഇതിലൂടെ ശ്രമിക്കുന്നതെന്നും നെബന്‍സ്യ കുറ്റപ്പെടുത്തി.

ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരില്‍ അടിയന്തര യോഗം ചേര്‍ന്ന സ്ഥിതിക്ക് 2014ല്‍ അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ മൈക്കല്‍ ബ്രൗണ്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും രക്ഷാസമിതി ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചൈന മുതല്‍ രക്ഷാസമിതിയില്‍ പുതുതായി അംഗത്വം ലഭിച്ച ഇക്വറ്റോറിയല്‍ ഗിനിയ വരെയുള്ള നിരവധി രാജ്യങ്ങള്‍ അടിയന്തര സമ്മേളനം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി.

ഇറാനിലെ പ്രതിഷേധങ്ങള്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. ഇറാനിലെ സംഭവങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനോ സുരക്ഷക്കോ ഭീഷണിയല്ലെന്നും ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു. അടിയന്തര യോഗം വിളിച്ച് രക്ഷാസമിതി സ്ഥിരാംഗമായ അമേരിക്ക അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണെന്ന് ഇറാന്‍ അംബാസഡര്‍ ഗുലാമലി ഖുസ്രു ആരോപിച്ചു.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിദേശത്തുനിന്നുള്ള വ്യക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമേരിക്കന്‍ നീക്കത്തെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ന്യായീകരിച്ചു. ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറാവുന്ന മനുഷ്യാവകാശ വിഷയമാണ് ഇറാനിലെ പ്രതിഷേധങ്ങളെന്ന് അവര്‍ വാദിച്ചു. ഇറാന്‍ ഭരണകൂടത്തിന് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകം നിങ്ങള്‍ ചെയ്യുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ഹാലി പറഞ്ഞു. ഇറാനിലെ പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഊര്‍ജിത ശ്രമം തുടരുകയാണ്. പ്രക്ഷോഭകരെ പിന്തുണച്ച് ട്രംപിന്റെ നിരവധി ട്വീറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്.