മോസ്‌കോ: വടക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 18 മരണം. ക്രാസ്‌നോയാസ്‌കിലെ ഇഗാര്‍ഗ നഗരത്തില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരു ഓയില്‍ സ്‌റ്റേഷനിലേക്ക് തൊഴിലാളികളുമായി പോകുന്ന എം.ഐ-8 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

ഹെലികോപ്ടറില്‍ 15 യാത്രക്കാരും മൂന്ന് ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരും മരിച്ചതായി റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം സ്ഥിരീകരിച്ചു. ഉയരുന്നതിനിടെ ഹെലികോപ്ടറിന്റെ ഫാന്‍ ലീഫുകള്‍ മറ്റൊരു ഹെലികോപ്ടറില്‍ തട്ടി പ്രവര്‍ത്തനരഹിതമായതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. രണ്ടാമത്തെ ഹെലികോപ്ടര്‍ സുരക്ഷിതമായി ഇറങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.