kerala

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

By webdesk18

December 15, 2025

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റിയ സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് ജാമ്യാപേക്ഷയിൽ വാസു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല സ്വർണക്കൊള്ള വിഷയം പാർലമെന്റിൽ സജീവമായി ഉന്നയിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാർ ഇന്ന് രാവിലെ 10.30ന് പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം.

കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി. അന്വേഷണത്തിൽ പലവിധ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്,” എന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.

കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ മൊഴി നൽകി. സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. തനിക്കറിയാവുന്ന വിവരങ്ങൾ അന്വേഷണ സംഘവുമായി പങ്കുവെച്ചതായും രമേശ് ചെന്നിത്തല പ്രതികരിച്ചു.