Connect with us

kerala

സാദിഖലി തങ്ങള്‍ക്ക് അനുഗ്രഹവുമായെത്തിയ ചിത്രന്‍ നമ്പൂതിരിപ്പാട്

ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു.

Published

on

കെ.എ മുരളീധരന്‍

തൃശൂര്‍: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റ സമയം. എല്ലാ ജില്ലകളിലെയും വിവിധ മേഖലകളില്‍ പ്രമുഖരായവരെ കാണാന്‍ തങ്ങളെത്തുന്നു. 2022 ജൂണ്‍ 8ന് തൃശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നടന്ന സൗഹൃദ സംഗമത്തില്‍ സാദിഖലി തങ്ങളെ കാണാന്‍ എത്തിയവരുടെ കൂട്ടത്തില്‍ 102 വയസായ പി. ചിത്രന്‍ നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു.
ആമുഖ പ്രഭാഷണത്തില്‍ സാദിഖലി തങ്ങള്‍ ഇടശേരി ഗോവിന്ദന്‍നായരുടെ പ്രശസ്തമായ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി കഥാസന്ദര്‍ഭം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. നൂറു ശതമാനം ഞാനൊരാര്യ കൂറും കുടുമയുമുള്ള ഹിന്ദു. മാപ്പിളേ നീയെന്‍ അലവിയെങ്കില്‍ തോളില്‍ കൈയിട്ട് നടന്നുകൊള്ളൂ എന്നു തുടങ്ങുന്ന കവിതയുടെ കഥാ സാരം ഇങ്ങിനെയാണ്. കവിയുടെ അലവി എന്ന സ്‌കൂള്‍കാല കൂട്ടുകാരനാണ് കവിതയിലെ കഥാപാത്രം. പിതാവിന്റെ ചായക്കടയില്‍ നിന്നാണ് അലവി ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നത്. അന്നേരമെല്ലാം മറ്റൊരു കഥാപാത്രമായ കവി കാഴ്ചകള്‍ കണ്ട് വിശന്നുവലഞ്ഞ് മരചുവട്ടിലിരിക്കും. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആരും കാണാതെ പിതാവിന്റെ കടയില്‍ നിന്ന് അലവി ഉടുമുണ്ടില്‍ ഒരു പഴം പൊതിഞ്ഞുകൊണ്ടുവന്ന് കവിക്ക് നല്‍കും. ഇതു കഴിച്ചാണ് കവി വിശപ്പടക്കുന്നത്. ഒരുനാള്‍ ഈ കുഞ്ഞു കള്ളം കയ്യോടെ പിടിക്കപ്പെട്ടു. ബാപ്പ പൊതിരെ തല്ലിയിട്ടും വേദന സഹിച്ചതല്ലാതെ അലവി കവിയുടെ പേരു പറയുന്നില്ല. ഹിന്ദു സ്‌നേഹിതന്റെ അഭിമാനം സംരക്ഷിക്കുന്ന അലവിയിലൂടെ കവി ഇസ്‌ലാമിലെ വന്‍മല കാണുകയാണ്. തന്റെ അഭിമാനം സംരക്ഷിക്കാന്‍ അലവി എന്ന മാപ്പിള സ്‌നേഹിതന്‍ സഹിച്ച ത്യാഗം ഭാവനയില്‍ കണ്ടാണ് കവി ഈ കവിതയെഴുതുന്നത്. ജാതിക്കും മതങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യസ്‌നേഹത്തിന്റെ എല്ലാകാലത്തേക്കുമുള്ള ഹിന്ദു മുസ്‌ലിം ബന്ധത്തിന്റെ വലിയ ഓര്‍മപ്പെടുത്തലായി കവിത മാറുന്നുണ്ട്.
സാദിഖലി തങ്ങളുടെ പ്രസംഗം കഴിഞ്ഞ് ബാക്കിയുള്ളവര്‍ സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാടും എഴുന്നേറ്റു. ഞാനൊരു മലപ്പുറംകാരനാണെന്ന് പറയുന്നതില്‍ എനിക്കെന്നും അഭിമാനമുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ചിത്രന്‍ നമ്പൂതിരിപ്പാട് ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും സാദിഖലി തങ്ങളെ കാണാനും അനുഗ്രഹിക്കാനും കൂടിയാണ് ഞാന്‍ വന്നതെന്നും പറഞ്ഞാണ് പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഹ്രസ്വ പ്രസംഗം അവസാനിപ്പിച്ചത്.
പി.ചിത്രന്‍ നമ്പൂതിരിപ്പാട് എന്ന വലിയ മനുഷ്യന്‍ അങ്ങിനെയൊരാളായിരുന്നു. മലപ്പുറത്തിന്റെ നന്മ എന്നും ജീവിതത്തില്‍ കൂടെ കൊണ്ടുനടന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗം അതുകൊണ്ടുകൂടിയാണ് എല്ലാവരിലും വേദനയുണര്‍ത്തുന്നത്.
1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. ചെറുപ്രായം മുതല്‍ തന്നെ ഹിമാലയത്തോട് വലിയ പ്രിയമായിരുന്നെന്ന് ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഹിമാലയം സന്ദര്‍ശിച്ച, വീടിനടുത്തുണ്ടായിരുന്ന ഒരു വ്യക്തി നിരന്തരം ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള കഥകള്‍ പറയുമായിരുന്നു. 1952ലായിരുന്നു ആദ്യ ഹിമാലയന്‍ യാത്ര. എന്നാല്‍ സുഹൃത്തുമൊത്തുള്ള ആ യാത്ര രുദ്രപ്രയാഗില്‍ വെച്ച് ഫുഡ് പോയ്‌സണ്‍ വന്നതോടെ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1956-ല്‍ നടത്തിയ ഹിമാലയന്‍ യാത്ര വിജയകരമായി. പുണ്യഹിമാലയം എന്ന പേരില്‍ തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ഈ യാത്രക്കിടയില്‍ ഉത്താരാഖണ്ഡില്‍ ഭൂകമ്പത്തില്‍ അച്ഛനും അമ്മയും മരിച്ചുപോയൊരു കുട്ടിയ്ക്ക് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. പഠനാവശ്യത്തിനുള്ള പണമെല്ലാം അയച്ചുകൊടുത്തിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് എല്ലാ യാത്രയിലും അവനെപോയി കണ്ടിരുന്നു.
ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരുമായി നല്ല ബന്ധം പി. ചിത്രന്‍ നമ്പൂതിരിപ്പാടിനുണ്ടായിരുന്നു. ഇ.എം.എസ്, സി.എച്ച് മുഹമ്മദ്കായ, കെ. കരുണാകരന്‍, സി.അച്യുതമേനോന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി നല്ല അടുപ്പമുണ്ടായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് തൃശൂരിലെ എല്ലാ സാസ്ംകാരിക പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു. നൂറ്റിമൂന്നാം വയസില്‍ എല്ലാ യാത്രകളും അവസാനിപ്പിച്ച് ചിത്രന്‍ നമ്പൂതിരിപ്പാട് മടങ്ങുമ്പോള്‍ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഒരു നല്ല മനുഷ്യന്റെ അഭാവം സാസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടം തന്നെയാകും.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

Published

on

പത്തനംതിട്ട: തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവസരം മുതലെടുത്ത പ്രതികൾ വീടിനുള്ളിലേക്ക് കയറി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. പ്രതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമനെയും പിന്നീട് പൊലീസ് പിടികൂടി.

പ്രതികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending