ഒമ്പത് മാസങ്ങള്‍ക്കു മുമ്പാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. അജു വര്‍ഗീസിനെ പിന്‍സീറ്റില്‍ ഇരുത്തി കെബി ഗണേഷ് കുമാര്‍ സൈക്കിള്‍ ഓടിക്കുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ മണിച്ചിത്രത്താഴിലെ ഗണേഷ് കുമാറിന്റെ ഒരു സീന്‍ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ചിത്രം. ഇതോടെ ട്രോളന്മാരും ഉണര്‍ന്നു. മണിച്ചിത്രത്താഴില്‍ ഇന്നസെന്റിനെ പിന്നിലിരുത്തി ഗണേഷ് സൈക്കിള്‍ ചവിട്ടുന്ന രംഗത്തോടുള്ള സാമ്യമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്.

എന്നാല്‍ ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ചന്തു. ഫസ്റ്റ് ലുക് പോസ്റ്റര്‍ യാദൃച്ഛികമായി സംഭവിച്ച ഒന്നായിരുന്നില്ല. ഗണേഷ് കുമാറിനെ തന്റെ ഈ പ്രൊജക്ടില്‍ ഉള്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നു. നല്ല കഴിവുള്ള നടനാണ് അദ്ദേഹം. ചിത്രത്തില്‍ അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയില്‍ എങ്ങനെയാണ് അവതരിപ്പിക്കുക എന്ന് ആലോചിച്ചു. അങ്ങനെയാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ആ രംഗം ഓര്‍മ വന്നത്. സിനിമയിലെ സൈക്ലിങ് രംഗം ഈ ചിത്രത്തിലും ഉള്‍പെടുത്തി അദ്ദേഹത്തെ ബഹുമാനിക്കുകയായിരുന്നു ഞങ്ങള്‍ ചെയ്തത്-അരുണ്‍ ചന്തു വ്യക്തമാക്കി.

 

അതേസമയം ‘സാജന്‍ ബേക്കറി സിന്‍സ് 1962’ ചിത്രത്തിന്റെ ഒരു നാടന്‍ വൈബ് കൂടി ലഭിക്കുന്ന ചിത്രമാണ് ഇതെന്നും സംവിധായകന്‍ പറഞ്ഞു.

അജു വര്‍ഗീസും ലെനയും ഒന്നിക്കുന്ന ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. ചിത്രത്തില്‍ ഗണേഷ് കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ഒരുക്കുന്ന ചിത്രം തിയേറ്ററുകള്‍ തുറക്കുന്നതോടെ പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ അരുണ്‍ ചന്ദുവിനൊപ്പം അജു വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.