ന്യൂഡല്‍ഹി: സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടാന്‍ തീരുമാനിച്ച് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. പാര്‍ട്ടി മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവയ്ക്കുമെന്നും പ്രസിഡണ്ട് സുഖ്ബിര്‍ സിങ് ബാദല്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.
നേരത്തെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യാന്‍ അകാലിദള്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.  രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ശിരമോണി അകാലിദള്‍ ചീഫ് വിപ്പ് നരേശ് ഗുജ്‌റാളാണ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയത്.
കര്‍ഷകരുടെ ഉത്പാദന വ്യാപാരവും വാണിജ്യവും സംബന്ധിച്ച (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍, കാര്‍ഷിക സേവനങ്ങള്‍ക്ക് വില ഉറപ്പ് നല്‍കുന്ന ബില്‍ (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എന്നിവ കേന്ദ്ര കൃഷിമന്ത്രി  നരേന്ദ്ര സിംഗ് തോമറും അവശ്യവസ്തു ഭേദഗതി ബില്‍ ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീല്‍ ദാന്‍വേയുമാണ് അവതരിപ്പിച്ചത്. ഈ ബില്ലുകള്‍ ലോക്‌സഭയില്‍ ശബ്ദ വോട്ടോടെ പാസാക്കുകയും ചെയ്തിരുന്നു.
മോദി മന്ത്രിസഭയില്‍ അകാലിദളിന്റെ ഏക പ്രതിനിധിയാണ് ഹര്‍സിമ്രത് കൗര്‍. ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയുമാണ് ശിരോമണി അകാലിദള്‍.