കൂരിയാട്: രാജ്യത്ത് മുസ്‌ലിം സമൂഹത്തിനെതിരെ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ കൂരിയാട് സൈനുല്‍ ഉലമ നഗറില്‍ നടന്ന ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്തയെ അവഗണിച്ചുള്ള ഏതു ഐക്യശ്രമത്തിനും ആരും മുന്നിട്ടിറങ്ങേണ്ടതില്ല. കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മുന്നേറ്റ പാതയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സമസ്തക്കേ സാധിക്കൂ. ഇസ്‌ലാമിക ആദര്‍ശത്തിനു വിരുദ്ധമായി വികല ചിന്തകളും പുത്തനാശയങ്ങളും കൊണ്ടുവന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്‍കിയത്. പൊന്നാനി മഖ്ദൂമുമാരും മമ്പുറം തങ്ങളും മറ്റു സാദാത്തീങ്ങളും നേതൃത്വം നല്‍കിയ മതത്തിന്റെ പ്രചാരണം തന്നെയാണ് സമസ്തയും നിര്‍വഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികപ്രചാരണ ഭാഗമായാണ് ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിച്ചത്. അഞ്ചു മാസം നീണ്ടു നില്‍ക്കുന്നതാണ് കാമ്പയിന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.