ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ ഒരു വസ്ത്രം നൂറു ദിവസം ധരിച്ച് യുവതി. യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെ ആണ് ഒരേ വസ്ത്രം നൂറു ദിവസം ധരിച്ചത്. പ്രമുഖ വസ്ത്ര ബ്രാന്റായ ‘വൂള്‍’ നടത്തിയ ഡ്രസ് ചലഞ്ചിന്റെ ഭാഗമായാണ് സാറ തുടര്‍ച്ചയായി നൂറ് ദിവസം ഒരേ വസ്ത്രം തന്നെ ധരിച്ചത്.

കമ്പിളിയില്‍ നിന്ന് നിര്‍മ്മിച്ച കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാറ ഈ നൂറ് ദിവസവും ധരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16നാണ് 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തത്.

ഓരോ ദിവസത്തെയും ചിത്രങ്ങള്‍ സാറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഡിസംബര്‍ 26നാണ് നൂറാം ദിവസം പൂര്‍ത്തിയായത്. ഈ ചലഞ്ചില്‍ വിജയിച്ച സാറ പുതുവര്‍ഷത്തേയ്ക്ക് ഇനി പുതുതായി വസ്ത്രങ്ങളൊന്നും വാങ്ങില്ല എന്നും തീരുമാനമെടുത്തു. ‘ഒരേ വസ്ത്രം തന്നെ നൂറ് ദിവസവും ധരിച്ചതിലൂടെ എന്റെ ജീവിതത്തില്‍ ഒരു മാറ്റങ്ങളും ഉണ്ടായിട്ടില്ല. പകരം, ഒരു പടി കൂടി മുന്നോട്ട് പോകാനും 2021നും 2022നും ഇടയില്‍ പുതിയ വസ്ത്രങ്ങളോ മറ്റും വാങ്ങാതിരിക്കാനും ഇത് എന്നെ പ്രചോദിപ്പിച്ചു’ – സാറ പറയുന്നു.