മുംബൈ: സിനിമ വിട്ട നടി സന ഖാന്‍ പുതിയ വീഡിയോയുമായി ഇന്‍സ്റ്റഗ്രാമില്‍. ഖുര്‍ആന്‍ സൂക്തവും അതിന്റെ അര്‍ത്ഥവുമാണ് സന ആരാധകര്‍ക്കായി പങ്കുവച്ചത്. ജീവിതത്തിന്റെ മുഖ്യലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയാണ് എന്നും മറ്റുള്ളവരെ തൃപ്തിപ്പെടുത്തല്‍ അല്ല എന്നും അവര്‍ പറയുന്നു.

മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയാണ് ജനങ്ങള്‍ക്കു വേണ്ടി നിങ്ങളെ സൃഷ്ടിച്ചത്. നന്മ കൊണ്ട് കല്‍പ്പിക്കുന്നു. തിന്മ കൊണ്ട് വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു- എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തങ്ങളും അവര്‍ പങ്കുവച്ചു.

https://www.instagram.com/tv/CGPEfozAwy-/?utm_source=ig_web_copy_link

കഴിഞ്ഞയാഴ്ചയാണ് സിനിമാ മേഖല ഉപേക്ഷിക്കുന്നതായി സന ഖാന്‍ പ്രഖ്യാപിച്ചത്. സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് ഇസ്‌ലാം എന്നു പറഞ്ഞാണ് സന ഖാന്‍ അഭിനയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കിയാണ് തന്റെ തീരുമാനമെന്ന് താരം പറയുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് എല്ലാ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും സന നീക്കം ചെയ്തിരുന്നു.വിനോദ വ്യവസായത്തിന്റെ ഭാഗമായിരുന്നു താന്‍ എന്ന് സൂചന നല്‍കുന്ന എല്ലാ ചിത്രങ്ങളും അവര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.