മുംബൈ: മാപ്പ് പറഞ്ഞിട്ടും സഞ്ജയ് മഞ്ജരേക്കറോട് കനിയാതെ ബിസിസിഐ. ഐപിഎല്ലിനുള്ള ബിസിസിഐയുടെ കമന്ററി പാനലില്‍ സഞ്ജയ് മഞ്ജരേക്കറുടെ പേരില്ല. ഹര്‍ഷ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍, ദീപ് ദാസ് ഗുപ്ത, രോഹന്‍ ഗവാസ്‌കര്‍, മുരളി കാര്‍ത്തിക്, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ എന്നിവരാണ് കമന്ററി പാനലില്‍ ഇടം പിടിച്ചത് എന്ന് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മഞ്ജറേക്കറെ ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയത്. ലോകകപ്പ് സമയത്ത് രവീന്ദ്ര ജഡേജയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളും, ഹര്‍ഷ ഭോഗ്‌ലെക്കെതിരെ നടത്തിയ പ്രതികരണങ്ങളുമാണ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം.

രവീന്ദ്ര ജഡേജയുമായും ഹര്‍ഷ ഭോഗ് ലെയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മഞ്ജരേക്കര്‍ എത്തിയെങ്കിലും ബിസിസിഐ നിലപാട് മയപ്പെടുത്തിയില്ല. കമന്ററി പാനലിലേക്ക് തിരികെ എടുക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് വട്ടം ബിസിസിഐക്ക് മഞ്ജരേക്കര്‍ കത്ത് നല്‍കിയിരുന്നു.