Connect with us

Video Stories

ഡിജിറ്റല്‍ സൗജന്യവും പാഴായ വാക്കുകളും

Published

on

ശാരി പി.വി
തള്ളല്‍ കാലത്ത് പൗരന്‍മാര്‍ക്കു മുന്നില്‍ രണ്ട് തരം ഓപ്ഷനുകളാണുള്ളത്. ചെയ്യാന്‍ പാടുള്ളത്, ചെയ്യാന്‍ പാടില്ലാത്തത്. ഇതില്‍ ആദ്യത്തേത് കുറവും രണ്ടാമത്തേത് കൂടുതലുമാണ്. ആദ്യം ബീഫ് തിന്നാന്‍ പാടില്ലെന്നായിരുന്നു. പിന്നീട് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കരുതെന്നായി. പെണ്‍കുട്ടിയാണേല്‍ സംഘികള്‍ പറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം, നിര്‍ബന്ധമായും സംസ്‌കൃതം പഠിക്കണം, സിനിമ കാണണമെങ്കില്‍ ദേശീയ ഗാനം ചൊല്ലണം, യോഗ ചെയ്യണം, ചൂലുമെടുത്ത് അടിച്ചു വാരണം അങ്ങനെ അങ്ങനെ ഓരോന്നായി ഇറക്കി ഒടുക്കം ഇപ്പോ നാട്ടാര് മൊത്തം പൈസയില്ലാത്തവരാവണം എന്നായി, അതും പുലരുമ്പോള്‍ ഭക്തി സാന്ദ്രമായി തുടങ്ങി വൈകുവോളം നീണ്ട ക്യൂവില്‍ നിന്ന് ഞാന്‍ കള്ളപ്പണക്കാരനല്ലെന്നു നാലാളെ ബാങ്കിനു മുന്നില്‍ നിന്നു സാക്ഷ്യപ്പെടുത്തുകയും വേണം. എല്ലാം അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കും രാജ്യസ്‌നേഹത്തിനും വേണ്ടിയാണല്ലോ എന്നോര്‍ത്ത് നില്‍ക്ക തന്നെ. അതവാ നിന്നില്ലെങ്കില്‍ എങ്ങാനും നാടുകടത്തിയാലോ ചിലര്‍ക്കാണെങ്കില്‍ പാസ്‌പോര്‍ട്ട് പോലുമില്ല. എ.ടി.എമ്മിനു മുന്നില്‍ ഊഴം കാത്തിരുന്ന് ഒന്നില്‍ നിന്നും ഒന്നിലേക്കു പൂജ്യം വെട്ടിക്കളിക്കുന്ന പ്രതീതിയില്‍ നോട്ടു തേടി യാത്ര. സ്വന്തം പണത്തിനു വേണ്ടി ഇത്രമേല്‍ അപമാനിതരാവുന്ന ജനങ്ങളെ ലോകത്ത് എവിടെ കാണാന്‍ പറ്റും. ഇപ്പോള്‍ പറയുന്നു എല്ലാവരും ഒരുമിച്ചു സാധനങ്ങള്‍ വാങ്ങണമെന്ന്.
സമത്വ സുന്ദരമായ സ്വപ്‌നം. അംബാനിയും അദാനിയും മുതല്‍ അഷ്ടിക്കു വകയില്ലാത്തവന്‍വരെ ഒരേ ബില്ലില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുക. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം. തീര്‍ന്നില്ല ഭക്ഷണം കഴിക്കാന്‍ സൗജന്യമായി കിട്ടുന്ന ഇടം അന്വേഷിക്കുന്നതും ഉത്തമമാണത്രേ. പാവം ദൈവത്തിന്റെ നാടാണെന്നും പറഞ്ഞ് ഈ വക ബ്ലണ്ടറും കേട്ട് കേരളത്തിലെ മൂന്നാര്‍ കാണാന്‍ വന്ന സായിപ്പ് ഇത്തരമൊരു വാക്കു കേട്ടിട്ടാവണം ഹോട്ടലില്‍ കേറിയത്. കാശില്ലാത്തോണ്ട് ഒടുവില്‍ തിന്നത് ദഹിക്കുവോളം സായിപ്പിന് ഓടേണ്ടിയും വന്നു. കാഷ്‌ലസ് എക്കണോമി കൊണ്ട് സായിപ്പിനെ ഓടിച്ചെന്നും പറഞ്ഞ് നാളെ സംഘികള്‍ ബോര്‍ഡ് വെക്കുമോ എന്ന കാര്യം പറയാനൊക്കില്ല. അതാണല്ലോ തള്ള് ടീമിന്റെ ഒരിത്.
പക്ഷേ ആടെന്തറിഞ്ഞു അങ്ങാടി വാണിഭം എന്നു ചോദിച്ചപോലെയാണ് നോട്ടു നിരോധിച്ച ഏമാന്‍മാരുടെ ഇപ്പോഴത്തെ അവസ്ഥ. അസാധുവാക്കപ്പെട്ട പണത്തിന്റെ 80 ശതമാനത്തിലേറെ തിരികെ ലഭിച്ചതായി ദാണ്ടേ ഇപ്പോ അറ്റോര്‍ണി ജനറല്‍ തന്നെ പറയുന്നു. 12 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ഇതിനോടകം തന്നെ തിരിച്ചെത്തിയത്രേ. അതീവ രഹസ്യമായി (എന്നാണ് പറയുന്നത്) എടുത്ത തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ ആകെ മൂല്യമായ 15 ലക്ഷം കോടിയോളം രൂപയില്‍ 10 മുതല്‍ 11 ലക്ഷം കോടി രൂപ വരെ പരമാവധി തിരിച്ചു വരൂവെന്നായിരുന്നു സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. ബാക്കി തുക റിസര്‍വ് ബാങ്കിന്റെ ബാധ്യതകളില്‍ ലയിപ്പിച്ച് ലാഭം കൊയ്യാമെന്നും കണക്കു കൂട്ടി.
എന്നാല്‍ എല്ലാ കണക്കും പാളി, ഇനിയും ദിവസങ്ങള്‍ ബാക്കിയും കിടക്കുന്നു. സംഗതി ബ്ലിംഗസ്യയാവാന്‍ ഇനി വേറൊന്നും വേണ്ടല്ലോ. സംഗതി വശാല്‍ ഡിസംബര്‍ 31 കഴിഞ്ഞാല്‍ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന സര്‍ക്കാര്‍ വാദം അപ്പടി കോഞ്ഞാട്ടയാവുമെന്നതിന് തര്‍ക്കം വേണ്ട. രണ്ട് ലക്ഷം കോടി മുതല്‍ നാല് ലക്ഷം കോടി വരെയെങ്കിലും തിരിച്ചെത്തിയില്ലെങ്കില്‍ അസാധുവാക്കല്‍ നടപടി കൊണ്ട് സര്‍ക്കാറിന് നേട്ടം ഇല്ലാ എന്നു മാത്രമല്ല കോട്ടം മാത്രമേ കാണൂ. രാജ്യത്ത് വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന സര്‍ക്കാര്‍ വാദം അപ്പടി ഉള്ളിസുരുവിന്റെ തെളിവ് പോലെ കൈരേഖയായി മാറും. അപ്പോള്‍ പിന്നെ അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കു വേണ്ടി വെയില്‍ കൊണ്ടതും ഭീകരര്‍, കള്ളപ്പണക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ തുടങ്ങി അസംഖ്യം രാജ്യദ്രോഹികളെ കയ്യാമം വെച്ച് സ്ഫ്ടികം സിനിമയില്‍ ആടു തോമയെ നടത്തിക്കുന്നതു പോലെ നടത്തിക്കുന്നതു കാണാമെന്നുള്ള നമ്മുടെ ആശയും സ്വാഹ. ഇതിനോടകം പിടികൂടിയ കള്ളപ്പണക്കാരെല്ലാം താമരക്കു ചുവട്ടില്‍ തന്നെയാണു താനും. കള്ളപ്പണ വാദം സ്വാഹയായതോടെ ഇനിയിപ്പോ കറന്‍സി ഉപയോഗം കുറക്കാനെന്ന പേരില്‍ ഡിജിറ്റല്‍ പ്രോത്സാഹന യഞ്ജം ആരംഭിച്ചിരിക്കുകയാണ്.
അതായത് ഇന്നു ശരിയാവും നാളെ ശരിയാവുമെന്നു പറഞ്ഞ ക്യൂ അടുത്തെങ്ങാനും തീരാന്‍ പോകുന്നില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ഇനിയിപ്പോ കറന്‍സി അടിച്ചിറക്കുന്നതിലും നല്ലത് പറഞ്ഞ വാക്ക് ചവച്ചിറക്കുന്നതാണ്. അപ്പോള്‍ പിന്നെ പേടിഎം മുതല്‍ റിലയന്‍സ് വരെയുള്ള രാജ്യസ്‌നേഹം ഹോള്‍സെയില്‍ ആയി മുന്‍കൂട്ടി വാങ്ങിവെച്ച കമ്പനികളുടെ ഇ വാലറ്റിനു വേണ്ടി ജയ്‌ഹോ.. പേടിഎം എന്നാല്‍ പേ ടു മോദിയാണെന്ന് രാഹുല്‍ജിയും പ്രഖ്യാപിച്ചിട്ടുണ്ട്. പറഞ്ഞത് രാഹുലാണെന്നു കരുതി തള്ളല്‍ സംഘികള്‍ക്കൊപ്പം തുള്ളാന്‍ വരട്ടെ. ഇപ്പോള്‍ സൗജന്യമായി ഈ കമ്പനികള്‍ നിങ്ങളെ കാര്‍ഡ് ഉരക്കാന്‍ സമ്മതിക്കും കുറച്ചു കഴിയുമ്പോള്‍ അറിയാം ഉരസലിനു പിന്നിലെ യഥാര്‍ത്ഥ ഘര്‍ഷണം.
പോരാത്തതിന് സ്മാര്‍ട് ഫോണും ഇ വാലറ്റും മൊബൈലിലെ നെറ്റുമെല്ലാം നിങ്ങള്‍ വഹിക്കേണ്ടിയും വരും. വെറുതെ കയ്യിലിരുന്ന പൈസ കൊടുത്ത് വാങ്ങിയതത്രയും ഇനി വേറെയും പണം ചെലവാക്കേണ്ടി വരുമെന്ന് സാരം. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നത് പോലെയാണിപ്പോ കാര്യങ്ങള്‍ 56 ഇഞ്ചിന്റെ നെഞ്ചളവുണ്ടായിട്ടും പാവത്തിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് പറയുന്നത്. അതും വിരലില്‍ എണ്ണാവുന്ന അംഗങ്ങള്‍ ചേര്‍ന്ന്!. അപ്പോള്‍ പിന്നെ ഇതല്ലാതെ എന്തു ചെയ്യും. ഇനിയിപ്പോ കാര്‍ഡുമായി ഇറങ്ങിയാല്‍ ലക്കടിപ്പ് (ലക്കി+തട്ടിപ്പ്) വേറെയും. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് എട്ടുശതമാനം ഡിസ്‌കൗണ്ട് കിട്ടാന്‍ പുതിയൊരു പോളിസി ഓണ്‍ലൈനില്‍ എടുക്കുകയേ വേണ്ടൂ.
അതുമല്ലെങ്കില്‍ എണ്ണക്കമ്പനികള്‍ നേരിട്ടുനടത്തുന്ന പെട്രോള്‍ പമ്പില്‍ പോയി 500 രൂപക്ക് പെട്രോളടിച്ചാല്‍ മൂന്നേമുക്കാല്‍ രൂപ ഇനാം! പോരെ വാട്ട് എ സര്‍പ്രൈസ് ഗിഫ്റ്റ്. ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റെടുക്കുക നിങ്ങള്‍ക്ക് ഭാഗ്യമുണ്ടേല്‍ തീവണ്ടി അപകടത്തില്‍ പെട്ട് നമ്മള്‍ മരിച്ചുകിട്ടിയാല്‍ 10 ലക്ഷം രൂപ വരെ കുടുംബക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് കിട്ടും ഇന്‍ക്രഡിബിള്‍ ഓഫര്‍. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് പുത്തന്‍ പുതിയ റൂപെ ക്രെഡിറ്റ് കാര്‍ഡ്. ഇതിലും നിങ്ങള്‍ ഉള്‍പെട്ടില്ലെങ്കില്‍ 10,000 പേരുള്ള നഗരത്തിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ സൗജന്യമായി സൈ്വപ് ചെയ്യാന്‍ നിങ്ങള്‍ക്ക് മഹാഭാഗ്യം കൈവരുകയും ചെയ്യും. ജെയ്റ്റ്‌ലിയുടെ പ്രോത്സാഹനം കേട്ട ചാണക സംഘികള്‍ പ്രോത്സാഹനവുമായി ഇറങ്ങിയിട്ടുണ്ട്. എനിക്കു കിട്ടി മൂന്നു രൂപ, നിങ്ങള്‍ക്കും വേണ്ടേ എന്നും ചോദിച്ച്. ഇനി അടുത്തതായി കറന്‍സി നശിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് മണി കൊണ്ടു വരുമെന്നാണ് അടുത്ത പ്രഖ്യാപനം. എന്തോ നമ്മുടെ തള്ള് വിദ്വാന്‍മാരായ ചാണക സംഘികള്‍ കേട്ടത് പാതി കേള്‍ക്കാത്തത് പാതി പ്ലാസ്റ്റിക് പെറുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന് പ്ലാസ്റ്റിക് മണി ഉണ്ടാക്കാന്‍ സഹായിക്കുകയാണത്രേ ലക്ഷ്യം.

ലാസ്റ്റ് ലീഫ്:
മധ്യപ്രദേശില്‍ കേരള മുഖ്യമന്ത്രിയെ മടക്കി അയച്ച സംഭവത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും കുറ്റപ്പെടുത്തുന്നത് തരം താണപരിപാടിയാണെന്ന് കുമ്മനം. തരം താഴാന്‍ ഇവിടെ വേറെ ആളുകളുണ്ടെന്ന് സാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending