ന്യൂഡല്‍ഹി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് 25,000 രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്ത് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് എസ്.ബി.ഐയുടെ പുതിയ നീക്കം. ബാങ്ക് ഡെപോസിറ്റിന്റെ സെക്യൂരിറ്റിയില്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാനാണ് പദ്ധതിയെന്ന് എസ്.ബി.ഐ കാര്‍ഡ്‌സ് ആന്റ് പേമെന്റ് സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് വിജയ് ജാസുജ പറഞ്ഞു.

പണമില്ലാത്തതല്ല, ആവശ്യത്തിന് കാര്‍ഡുകളില്ലാത്തതാണ് മിക്കവരുടെയും കുഴപ്പമെന്നും ഇത് പരിഹരിക്കാനാണ് പുതിയ നീക്കമെന്നും ജാസുജ അവകാശപ്പെട്ടു. മൂന്നു മാസത്തിനുള്ളില്‍ പുതിയ തരം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. നേരത്തെ പ്രതിവര്‍ഷം ഒരു ലക്ഷം വരെ കാര്‍ഡുകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇതില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാനും വരുമാന പരിധി കുറക്കാനും പദ്ധതിയുണ്ട്. ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ക്കും എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡിന് യോഗ്യതയുണ്ടാവും. കാര്‍ഡ് എടുക്കാന്‍ താല്‍പര്യമുള്ളവരെ സഹായിക്കാന്‍ മാര്‍ക്കറ്റുകളിലും മാളുകൡും എസ്.ബി.ഐ പ്രതിനിധികളെയും താല്‍ക്കാലിക ഔട്ട്‌ലെറ്റുകളെയും നിയോഗിക്കും.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് കാര്‍ഡ് സംസ്‌കാരം വ്യാപകമാകുമെന്നും നിലവില്‍ പണം നല്‍കി വിപണനം നടത്തുന്നവര്‍ 90 ശതമാനവും കാര്‍ഡിലേക്ക് ചേക്കേറുമെന്നും ജാസുജ പറഞ്ഞു.