പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
മാനവകുലത്തിന് മാര്‍ഗദര്‍ശിയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ സുദിനമാണിത്. സര്‍വചരാചരങ്ങളുടെയും സൃഷ്ടിപ്പിന് കാരണഭൂതരായ വിശ്വപ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതോടൊപ്പം അവിടത്തെ പവിത്രമായ ജീവിത പാഠങ്ങള്‍ പകര്‍ത്തിയെടുക്കാനുള്ള ഓര്‍മപ്പെടുത്തലുകളാണ് റബീഉല്‍ അവ്വല്‍ മാസം പ്രദാനം ചെയ്യുന്നത്. കലുഷിതമായ കാലക്രമത്തില്‍ ലോകര്‍ക്ക് കാരുണ്യമായി അവതരിച്ച അന്ത്യപ്രവാചകന്‍, അറുപത്തിമൂന്ന് വര്‍ഷംകൊണ്ട് അടയാളപ്പെടുത്തിയ അനുപമമായ വ്യക്തിത്വം ഇന്നും പ്രപഞ്ചമാകെ പ്രഭചൊരിഞ്ഞു നില്‍ക്കുകയാണ്. മനുഷ്യന്‍ അവനവനെ തന്നെ തിരിച്ചറിയാനും അതിലൂടെ സ്രഷ്ടാവിന്റെ മഹത്വത്തെ അടുത്തറിയാനും അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകനോടുള്ള അടങ്ങാത്ത അനുരാഗമാണ് വിശ്വാസികളുടെ ആത്മീയ ആഗ്രഹങ്ങളെ പരിപൂര്‍ണമാക്കുന്നത്. ‘സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും എന്നെ ഇഷ്ടംവക്കുന്നത് വരെ നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല’ എന്ന പ്രവാചകാധ്യാപനം വിശ്വാസികള്‍ അത്രമേല്‍ ഹൃദയത്തിലേറ്റു വാങ്ങിയതാണ്. അതിനാല്‍ ലോകം നിലനില്‍ക്കുന്ന കാലത്തോളവും ലോകാവസാനത്തിനു ശേഷവും പ്രവാചക സ്‌നേഹത്തിന്റെ അനുരണനങ്ങള്‍ അന്തരീക്ഷത്തില്‍ അലയൊലികള്‍ തീര്‍ക്കുകയും അലങ്കാരം ചൊരിയുകയും ചെയ്യും. മുഹമ്മദ്-സ്തുതിക്കപ്പെട്ടവന്‍- എന്ന നാമത്തെ അന്വര്‍ത്ഥമാക്കുന്നതിന് അല്ലാഹു കടഞ്ഞെടുത്ത ജീവിതമാണ് അശ്‌റഫുല്‍ ഖല്‍ഖ് മുഹമ്മദ് മുസ്തഫ (സ) തങ്ങളെ മറ്റുള്ളവരില്‍ നിന്നു വ്യതിരക്തനാക്കിയത്. പ്രപഞ്ചം തന്നെ പടക്കപ്പെടാന്‍ കാരണക്കാരനായി അല്ലാഹു കാത്തുവച്ച സത്യമായിരുന്നു പുണ്യ നബി എന്നതാണല്ലൊ യാഥാര്‍ഥ്യം. മാനവര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാണിച്ചുകൊടുത്ത പരിശുദ്ധ പ്രവാചകന്‍ ലോകത്തിന് മുഴുവന്‍ മാതൃകയായാണ് ജീവിച്ചത്. അന്ധകാരത്തിലും അജ്ഞതയിലും കഴിഞ്ഞിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സമൂഹത്തെ ഉത്തമ സംസ്‌കാരത്തിന്റെ ഉടമകളാക്കിയാണ് പുണ്യനബി പരിവര്‍ത്തിപ്പിച്ചത്. ആവശ്യാനുസരണം അറിവ് പകര്‍ന്നു നല്‍കിയും അതിലുപരി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവതരിപ്പിച്ചുമാണ് ആ ദൗത്യം പൂര്‍ത്തീകരിച്ചത്. ‘അവര്‍ക്കിടയില്‍ നിന്നു തന്നെ പ്രവാചകനെ നിയോഗിക്കുകയും ആ പ്രവാചകന്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും വേദഗ്രന്ഥം പഠിപ്പിക്കുകയും ചെയ്തു’വെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്്‌ലാം എന്ന മതത്തിലൂടെ ശാശ്വതമായ ശാന്തിയും സമാധാനവും പ്രബോധനം ചെയ്യുകയും അനശ്വരമായ നാളെയെ കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും ചെയ്ത ശേഷമാണ് ആ പൂര്‍ണ ചന്ദ്രന്‍ പോയ്മറഞ്ഞത്.
പുണ്യ പ്രവാചകനോളം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിത്വവും ഭൂമുഖത്തില്ല. പൊലിവേതുമില്ലാത്ത പരിതസ്ഥിതിയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും പതറാത്ത വിശ്വാസ ദാര്‍ഢ്യമാണ് പ്രവാചകനെ മുന്നോട്ടു നയിച്ചത്. മാതാപിതാക്കളുടെ കൈത്താങ്ങ് കിട്ടാതിരുന്ന കുട്ടിക്കാലം. സാധാരണക്കാരോടൊപ്പം ആടുകളെ മേച്ചുനടന്നിരുന്ന ബാല്യകാലം. കച്ചവടക്കാരനായി യൗവനം. ഇങ്ങനെ പലതരം ജീവിതാനുഭവങ്ങളിലൂടെയാണ് ലോകനായകന്‍ ഉയിര്‍ക്കൊള്ളുന്നത്. അക്ഷരജ്ഞാനം പോലുമില്ലാതെയാണ് അന്ത്യപ്രവാചകന്‍ അഖില ദേശങ്ങളുടെയും സര്‍വ യുഗങ്ങളുടെയും നേതാവാകുന്നത് എന്നത് എത്രമാത്രം അതിശയകരമാണ്. ലോകത്ത് ഏറ്റവുമധികം സ്വാധീന ശക്തിയുള്ള വ്യക്തികളില്‍ ഒന്നാമന്‍ ഇന്നും മുഹമ്മദ് നബി (സ)യാണ്. മതപരവും ഭൗതികവുമായ തലങ്ങളില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച ചരിത്രപുരുഷനാണ് മുഹമ്മദ് നബിയെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ മൈക്കല്‍ എച്ച് ഹാര്‍ട്ടിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.
ലോകത്തിന് ദിശാബോധം നല്‍കുന്ന ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ പാകമായ ചുറ്റുപാടിലല്ല പ്രവാചകന്‍ (സ) ജനിച്ചു വളര്‍ന്നത്. എന്നാല്‍ അല്ലാഹു ഏല്‍പിച്ച നിയോഗം ആത്മാര്‍ത്ഥമായി അനുസരിച്ചതാണ് അവിടത്തെ വിജയത്തിന് നിദാനമായ കാര്യങ്ങളില്‍ പ്രധാനം. ആ നിയോഗത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രവാചകന് സാധ്യമായി. ഭൗതിക ജീവിതത്തെ നിരാകരിക്കാതെ ആത്മീയമായി മനുഷ്യനെ സംസ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രവാചകന്റെ ഏറ്റവും വലിയ വിജയമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ഭൗതിക ജീവിതത്തില്‍ ആത്മീയതയുടെ പ്രഭ പ്രസരിപ്പിച്ചുള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പുണ്യ നബി(സ)ക്ക് സാധ്യമായി. ആത്മീയ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും വഴികള്‍ ലോകത്തിന് സമര്‍പ്പിച്ചത് മുഹമ്മദ് നബിയാണ്. ആധുനിക മുസ്്‌ലിം സമൂഹം ഇത്തരം വഴികളില്‍ നിന്ന് അകലുകയാണോ എന്ന് ആത്മാര്‍ത്ഥമായി പുനര്‍വിചിന്തനം നടത്തേണ്ട കാലമാണിത്. ആത്മീയ സ്വാതന്ത്ര്യത്തിനെന്ന പേരില്‍ അപരനെ അരുംകൊല ചെയ്യുന്ന ഐ.എസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ പ്രവാചകന്റെ സുന്ദരമായ ഇസ്്‌ലാമിന്റെ സങ്കല്‍പങ്ങളെയാണ് കളങ്കപ്പെടുത്തുന്നത്. ജിഹാദിന് തെറ്റായ വ്യാഖ്യാനം നല്‍കി വിമോചന പോരാട്ടങ്ങളിലേര്‍പ്പെടുന്നത് പ്രവാചക പാതയല്ല എന്ന് അസന്നിഗ്ധമായി പറയാനാവും. പ്രവാചകന്‍ ജീവിതത്തിലുടനീളം പ്രയോഗവത്കരിച്ച പരസ്പര സ്‌നേഹത്തിനും ബഹുമാനത്തിനും ഒട്ടും വില കല്‍പിക്കാത്തവരാണ് ഇന്ന് ലോകത്തിനു മുമ്പില്‍ ഇസ്്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പ്രവാചക മാതൃകകളായിരിക്കണം മുസ്്‌ലിംകള്‍ ജീവിത പാഠമായി സ്വീകരിക്കേണ്ടത്. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രവാചകാധ്യാപനങ്ങളെ മുറുകെ പിടിക്കാനുള്ള മനക്കരുത്താണ് മുസ്്‌ലിമിനെ നയിക്കേണ്ടത്. അല്‍ അമീന്‍- വിശ്വസ്തന്‍- എന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിളിച്ച മക്കയിലെ തന്റെ സ്വന്തക്കാര്‍ തന്നെയാണ് പ്രവാചകനെ അവസാനം അവിടെ നിന്ന് ആട്ടിയോടിക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിയത്. അല്ലാഹുവില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയും അണുവിട പോലും അനുസരണക്കേട് കാണിക്കാതിരിക്കുകയും ചെയ്തത് കൊണ്ടാണ് ആത്യന്തിക വിജയം പ്രവാചകനെ തേടിയെത്തിയത്. ആഗോളതലം മുതല്‍ പ്രാദേശിക തലംവരെയുള്ള പ്രതിസന്ധികളെ മുസ്്‌ലിംകള്‍ നേരിടേണ്ട ക്ഷമയുടെയും സഹനത്തിന്റെയും വഴികളാണ് ഇവിടെ പ്രവാചകന്‍ വരച്ചുകാണിച്ചത്.
സാമൂഹ്യ ജീവിതത്തില്‍ മാത്രമല്ല, വൈയക്തിക ജീവിതത്തിലും പ്രവാചകനേക്കാള്‍ മാതൃകാതുല്യരായി മറ്റാരെയും ചരിത്രത്തില്‍ കാണാനാവില്ല. വാക്കും പ്രവൃത്തിയും സ്വഭാവവും പെരുമാറ്റവും സ്ഫുടമായിരുന്നു. പ്രവാചകന്റെ സ്വഭാവമെന്തെന്ന ചോദ്യത്തിന് ‘വിശുദ്ധ ഖുര്‍ആന്‍’ എന്നായിരുന്നു അവിടത്തെ പ്രിയ പത്‌നിയുടെ മറുപടി. കുട്ടികളോടും മുതിര്‍ന്നവരോടും അഗതികളോടും അനാഥകളോടും പണ്ഡിതനോടും പാമരനോടുമെല്ലാം പ്രവാചകന് കൃത്രിമത്വമില്ലാത്ത പെരുമാറ്റ രീതിയായിരുന്നു. നടന്നുപോകുന്ന വഴിയില്‍ ഓടിക്കളിക്കുന്ന കൊച്ചുകുട്ടികളോട് സലാം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് വളര്‍ത്തുപുത്രന്‍ അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരസഹായമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനവുമായി കടന്നുചെന്ന എത്രയോ സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ കാണാനാവും. മറ്റുള്ളവര്‍ക്കു വേണ്ടി വിറകു വെട്ടുന്നതും ചുമന്നുകൊണ്ടുപോകുന്നതും ആ വലിയ ജീവിതത്തിനു കുറവായി തോന്നിയില്ല.
സര്‍വസ്വവും സമാധാനമായി കാണാനായിരുന്നു പ്രവാചകന്‍ ആഗ്രഹിച്ചിരുന്നത്. സംഘട്ടനങ്ങള്‍ ഒഴിവാക്കുന്നതിന് കരാറിലേര്‍പ്പെടുന്നത് അഭിമാനക്ഷതമായി കണ്ടില്ല. ഹുദൈബിയ സന്ധി ഇതിനു മകുടോദാഹരണമാണ്. പകരത്തിനു പകരം വീട്ടാനും പകയടങ്ങാതെ പ്രതികാരം തീര്‍ക്കാനും ആ മനസ്സ് വെമ്പല്‍കൊണ്ടില്ല. സഹിക്കാനും പൊറുക്കാനും മാത്രമല്ല, പരമാവധി വിട്ടുവീഴ്ച ചെയ്യാനും എതിരാളികളെ നിത്യശത്രുക്കളായി കാണാതിരിക്കാനും പ്രവാചകന്റെ വിശാല മനസിന് സാധിച്ചു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കാത്തവര്‍ അനുരഞ്ജനത്തിന് വന്ന വേളയില്‍ ‘നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ എന്നു പറഞ്ഞൊഴിയുകയാണ് അവിടന്ന് ചെയ്തത്.
മതത്തിന്റെ പേരില്‍ രക്തമൊഴുക്കുകയും അപരന്റെ വിശ്വാസത്തെ അപഹസിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം പ്രവാചകാധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മതവര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത്് രാജ്യഭരണം നടത്തുന്ന ഫാസിസ്റ്റുകളും ഇസ്്‌ലാം വിരോധികളും പ്രവാചക പാഠങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാകണം. ഇസ്്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാ കോണുകളില്‍ നിന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മതത്തിന്റെ സുന്ദരമായ മാര്‍ഗങ്ങളിലൂടെ ജീവിക്കാനും പ്രവാചക സന്ദേശങ്ങള്‍ അനാവരണം ചെയ്യാനും വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. ആര്‍ത്തിയോടെ ഭക്ഷണ തളികയിലേക്ക് കൈകള്‍ നീട്ടുന്നതു പോലെ ഇസ്്‌ലാമിനു നേരെ എതിരാളികള്‍ മുഷ്ടിചുരുട്ടുമ്പോള്‍ ഐക്യത്തിന്റെ പാശ്വം മുറുകെ പിടിക്കാന്‍ തയാറാകണം. മനസുകള്‍ തമ്മില്‍ കോര്‍ത്തിണക്കാനുള്ള പ്രാമാണിക പാഠങ്ങള്‍ വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കിയ പ്രവാചകനെയാണ് നാം പിന്‍പറ്റേണ്ടത്. രാജ്യത്ത് ഇസ്്‌ലാമിക ശരീഅത്തും വ്യക്തിനിയമങ്ങളും ചോദ്യംചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കൂടുതല്‍ അടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഭിന്നിപ്പ് ശത്രുക്കള്‍ക്ക് അവസരമൊരുക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
സാമ്പത്തിക ഞെരുക്കം കൊണ്ട് പ്രയാസപ്പെടുന്ന കാലമാണിത്. കേന്ദ്രസര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം ജനങ്ങളെ തെല്ലൊന്നുമല്ല പൊറുതിമുട്ടിക്കുന്നത്. അതിനാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും ആര്‍ഭാടമാവാതിരിക്കാനും ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും മിതവ്യയം പാലിക്കണമെന്ന പ്രവാചകാധ്യാപനം വിസ്മരിക്കരുത്. പരിസ്ഥിതി മലിനീകരണവും ശബ്ദമലിനീകരണവും ഇന്നു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്തുകളാണ്. പരിസ്ഥിതി സംരക്ഷണത്തിനും പരിസര ശുചീകരണത്തിനും പ്രവാചകന്‍ കാണിച്ച മാതൃകകള്‍ പിന്‍പറ്റുന്നതായിരിക്കണം ആഘോഷങ്ങളത്രയും. ഇരുലോക ജീവിത വിജയം കൈവരിക്കുന്നതിനും സാമൂഹിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും മാനവിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പ്രവാചക പാഠങ്ങള്‍ നമുക്ക് ഇനിയും പ്രചോദനമാകട്ടെ.
പ്രവാചക സ്‌നേഹത്തിന്റെ പരിമളം

Be the first to write a comment.