എച്ച്.വണ്‍ ബി വിസയിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ചെറുതല്ലാത്ത ആശങ്ക പടര്‍ത്തുന്നുണ്ട്. അമേരിക്കന്‍ കമ്പനികളിലെ പുറംകരാര്‍ തൊഴില്‍ അവസരങ്ങള്‍ക്ക് കോട്ടം തട്ടുന്നതോടെ ഇന്ത്യയിലെ ഐ.ടി മേഖലയുടെ നട്ടെല്ലിനു തന്നെയാവും ക്ഷതമേല്‍ക്കുക. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പതിവില്‍ കവിഞ്ഞ ജാഗ്രതയും ഇടെപടലും ഉണ്ടാവുകയും യു.എസ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല സമീപനം സൃഷ്ടിച്ചെടുക്കാന്‍ കഴിയുകയും ചെയ്തില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരിക്കും ഈ മേഖലയില്‍ രൂപപ്പെടുക.

വ്യാഴാഴ്ച ലോവയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് എച്ച്.വണ്‍ ബി വിസയിലെത്തുന്ന തൊഴിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലുടനീളം സമാനമായ പ്രചാരണം ട്രംപ് നടത്തിയിരുന്നു. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ അമേരിക്കന്‍ യുവത്വത്തിന്റെ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിസ്‌നി വേള്‍ഡിനെതി െയു.എസ് പൗരന്മാരായ തൊഴിലാളികള്‍ നടത്തിയ നിയമനടപടികളെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.എസ് പ്രസിഡണ്ട് പദവിയില്‍ എത്തുന്നതോടെ ട്രംപ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു പലരുടേയും കണക്കുകൂട്ടല്‍. പുറംകരാര്‍ ജോലി തടയുന്നത് നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റിക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പിരിച്ചുവിടുന്ന യു.എസ് പൗരന്മാരുടെ തൊഴില്‍ അവസരം വിദേശികള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും ഇതിനുവേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.
14 ദശലക്ഷം വിദേശ തൊഴിലാളികളാണ് അമേരിക്കയിലുള്ളത്. ഐ.ടി, കാള്‍സെന്റര്‍, എഞ്ചിനീയറിങ്, ഉത്പാദന മേഖലകളിലാണിവര്‍ തൊഴിലെടുക്കുന്നത്. ഉത്പാദന മേഖലയില്‍ ഭൂരിഭാഗം മെക്‌സിക്കന്‍ പൗരന്മാരാണെങ്കില്‍ മറ്റ് മൂന്നുമേഖലകളിലും മേധാവിത്വം ഇന്ത്യക്കാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയില്‍. യു.എസ് കമ്പനികളിലെ ഐ.ടി മേഖലയിലെ പുറംകരാര്‍ ജോലികളുടെ 86 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്കാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് അഞ്ചുശതമാനം പ്രാതിനിധ്യമാണുള്ളത്. മറ്റു വിദേശ രാഷ്ട്രങ്ങളുടെ പ്രാതിനിധ്യം ഒരു ശതമാനമോ അതില്‍ താഴെയോ ആണ്. ഐ.ടി മേഖലയിലെ തൊഴിലുകള്‍ക്ക് വിദേശികളെ കൊണ്ടുവരുന്നതിനായി യു.എസ് കമ്പനികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച്.വണ്‍ ബി വിസ. അതുകൊണ്ടുതന്നെ ഇവക്ക് ഏര്‍പ്പെടുത്തുന്ന ഏതു തരത്തിലുള്ള നിയന്ത്രണവും ആദ്യം ബാധിക്കുക ഇന്ത്യയെ ആയിരിക്കും. ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ വഴിയാണ് പുറംകരാര്‍ ജോലിക്കായി ഇന്ത്യക്കാര്‍ ഏറെയും യു.എസില്‍ എത്തുന്നത്. പുറംകരാര്‍ തൊഴില്‍ നിയന്ത്രിക്കുന്നതിന് ന്യൂജേഴ്‌സിയില്‍നിന്നുള്ള ഡമോക്രാറ്റിക് അംഗം ബില്‍ പാസ്‌കറെല്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ഡാന റൊരാബേച്ചര്‍ എന്നിവര്‍ നേരത്തെ യു.എസ് പ്രതിനിധിസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. യു.എസ് കമ്പനികളിലെ പകുതിയില്‍ അധികം തൊഴിലാളികള്‍ വിദേശികള്‍ ആകരുതെന്നാണ് ബില്ലിന്റെ ആകെത്തുക. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികള്‍ ഉള്ള കമ്പനികള്‍ക്ക് പുതിയ എച്ച്.വണ്‍ ബി വിസ അനുവദിക്കരുതെന്നായിരുന്നു ബില്ലിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഇതും ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഐ.ടി മേഖലയേയാണ്.
ആഗോള സാമ്പത്തിക മാന്ദ്യം വരിഞ്ഞുമുറുക്കിയ വേളയിലാണ് യു.എസ് കമ്പനികള്‍ പുറംകരാര്‍ തൊഴില്‍ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഇന്ന് കമ്പനികളുടെ വലിയ ആശ്രയമായി അത് മാറിയിട്ടുണ്ട്. തൊഴില്‍രംഗത്തെ ‘സ്വദേശിവല്‍ക്കരണ’ പ്രഖ്യാപനത്തിന് അമേരിക്കന്‍ യുവാക്കളില്‍നിന്ന് വലിയ തോതിലുള്ള പിന്തുണ ലഭിക്കുമ്പോഴും അമേരിക്കന്‍ കമ്പനികളോ സാമ്പത്തിക വിദഗ്ധരോ ഈ നീക്കത്തെ പിന്തുണക്കുന്നില്ല. യു.എസിനെ അപേക്ഷിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ തൊഴില്‍ വിപണികളിലേക്ക് യു.എസ് കമ്പനികളെ ആകര്‍ഷിക്കുന്നത് വേതനത്തിലെ കുറവാണ്. നിയന്ത്രണം വരുന്നതോടെ വിദേശികളെ ഒഴിവാക്കി യു.എസ് പൗരന്മാരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ ആനുപാതികമായി ഉത്പന്നത്തിന്റെ വില കൂട്ടേണ്ടിവരും. ഇതോടെ വിദേശ വിപണികളില്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ കഴിയാതെ അമേരിക്കന്‍ കമ്പനികള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഇവരുടെ വാദം. രണ്ടു മാര്‍ഗങ്ങളേ അമേരിക്കന്‍ കമ്പനികള്‍ക്ക് മുന്നില്‍ പിന്നീട് ശേഷിക്കൂ എന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒന്നുകില്‍ ബിസിനസ് അവസാനിപ്പിക്കുക, അല്ലെങ്കില്‍ ബിസിനസ് പൂര്‍ണമായും പുറംകരാര്‍ തൊഴില്‍ സ്വാതന്ത്ര്യമുള്ള വിദേശരാജ്യങ്ങളിലേക്ക് പറിച്ചുനടുക. രണ്ടായാലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ അത് ദോഷകരമായി ബാധിക്കും. യു.എസ് സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയും അമേരിക്കന്‍ കമ്പനികളുടെ എതിര്‍പ്പും അവഗണിച്ച് മുന്‍ നിലപാടുകളില്‍ ട്രംപിന് എത്രത്തോളം ഉറച്ചുനില്‍ക്കാന്‍ കഴിയും എന്നതാണ് ചോദ്യം. ഭീകരവാദത്തിനെതിരായ പോരാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയെ അനുകൂലിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകാപുരഷനായി വാഴ്ത്തുകയും ചെയ്യുന്ന ട്രംപ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കുന്ന വിസാ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ഐ.ടി മേഖലയില്‍ ഉരുണ്ടു കൂടാന്‍ ഇടയുള്ള പ്രതിസന്ധിയെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശി വല്‍ക്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കു പിന്നാലെയാണ് യു.എസ് ചുവടുവെപ്പ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഒരേ സമയം ചിറകരിയപ്പെടുന്നത്. നോട്ടു നിരോധനം പോലുള്ള നടപടികള്‍ ആഭ്യന്തര വിപണിയില്‍ സൃഷ്ടിക്കാന്‍ ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മാന്ദ്യം കൂടിയാവുമ്പോള്‍ പ്രതിസന്ധി മൂര്‍ദ്ധന്യതയില്‍ എത്തും. അതിനെ നേരിടാന്‍ പ്രായോഗികമായ കൂടുതല്‍ നടപടികളും മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ ദുരന്തസമാനമായ സാഹചര്യത്തിലേക്കായിരിക്കും രാജ്യം കൂപ്പുകുത്തുക.