ലക്‌നോ: പാര്‍ലമെന്റ് സ്തംഭനത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എസ്.പി നേതാവ് മായാവതിയുടെ മറുപടി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശം സത്യം മറച്ചു പിടിക്കാനാണെന്നു അവര്‍ ആരോപിച്ചു. സര്‍ക്കാറിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പ്രതിപക്ഷത്തിന്റെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. കടും ചായപാത്രത്തെ കറുത്തതെന്ന് കളിയാക്കുന്നതു പോലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ ലക്‌നോവിലെ ബി. ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതും ബഹ്‌റായികില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിച്ചതും വള്ളി പുള്ളി വ്യത്യാസമില്ലാതെയാണെന്നും അവര്‍ പരിഹസിച്ചു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയുടെ നേതാവ് കല്ലുവെച്ച നുണ പൊതുജനത്തോട് പറയുന്നത് ഇതാദ്യമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.